‘രഥയാത്രക്കിടെ എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തത് എന്തിന്?’; ലാലുപ്രസാദ് യാദവ്

ന്യൂഡല്‍ഹി: 1990-ലായിരുന്നു അത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന എല്‍കെ അദ്വാനിയുടെ രഥയാത്ര ബീഹാറിലെ സമസ്തിപൂരിലെത്തുന്നു. അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് തടയുന്നു. സെപ്തംബറില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്നായിരുന്നു തുടക്കം. വിവിധ സംസ്ഥാനങ്ങളിലൂടെ രഥയാത്ര കടന്നുപോയി. ആ വഴികളിലെല്ലാം വര്‍ഗീയ കലാപം നടന്നു. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായി. എന്നിട്ടും യാത്ര ആരും തടഞ്ഞില്ല. ഒക്ടോബര്‍ 30നായിരുന്നു യാത്ര അയോധ്യയിലെത്തേണ്ടിയിരുന്നത്. കൃത്യം ഒരാഴ്ച മുമ്പ് ഒക്ടോബര്‍ 23ന് ബിഹാറിലെ സമസ്തിപൂരില്‍, മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് യാത്ര തടഞ്ഞു. അദ്വാനിയെ അറസ്റ്റ് ചെയ്തു. എങ്കിലും കര്‍സേവകരും സംഘപരിവാര്‍ പ്രവര്‍ത്തകരും അയോധ്യയിലെത്തി. 1992-ല്‍ കര്‍സേവകര്‍ പള്ളി പൊളിച്ചു.

ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും അദ്വാനിയെ അറസ്റ്റു ചെയ്ത സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ത്തെടുക്കുകയാണ് ലാലുപ്രസാദ് യാദവ്. 2017-ല്‍ എന്‍ടിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മസ്ജിദ് പൊളിച്ച ദിവസം താന്‍ ദു:ഖിതനായിരുന്നുവെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.

‘ഇന്നലെ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ആഘോഷിക്കുന്ന ആളുകളുടെ റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും ഞാന്‍ കണ്ടു. ബിജെപിയുടെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് പള്ളി തകര്‍ത്തത്. എന്നെ സംബന്ധിച്ചിടത്തോളം 1992 ഡിസംബര്‍ 6 ഏറ്റവും ദു:ഖകരമായ ദിവസമായിരുന്നു.’ ലാലു പറഞ്ഞു. ഞാന്‍ എന്തിനാണ് അദ്വാനിയെ സമസ്തിപൂരില്‍ വെച്ച് അറസ്റ്റുചെയ്തതെന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. ഇതിനെല്ലാം വളരെ ലളിതമായി ഞാന്‍ പറയാറുണ്ട്, രാജ്യം രക്ഷിക്കാനാണെന്ന്. രാഷ്ട്രത്തേയും ഇന്ത്യന്‍ ഭരണഘടനയേയും സംരക്ഷിക്കുന്നതിനാണ് ഞാന്‍ അദ്വാനിയെ അറസ്റ്റു ചെയ്തത്-ലാലു പറയുന്നു.

അയോദ്ധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര ബീഹാറിലെത്തിയപ്പോള്‍ എന്റെ സംസ്ഥാനത്തിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ അവസരം ഒരുക്കാന്‍ കഴിയുമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി വി പി സിങ്ങിന്റെ സര്‍ക്കാര്‍ രഥയാത്ര തുടരാന്‍ അനുവദിക്കുമെന്നും ഉറപ്പായിരുന്നു, പക്ഷേ ഞാന്‍ അക്കാര്യം ചെയ്യാന്‍ തീരുമാനിച്ചു. കാരണം, എന്റെ സ്വന്തം സര്‍ക്കാരിനെ ബലിയര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ അന്ന് രാജ്യത്തെ രക്ഷിച്ചുവെന്ന് പിന്നീടെല്ലാവരും പറയുമെന്ന് തനിക്കറിയാമായിരുന്നുവെന്നും ലാലു അഭിമുഖത്തില്‍ പറയുന്നുണ്ട്. അദ്വാനിയുടെ രഥയാത്ര ഉത്തര്‍പ്രദേശിലെ കടക്കുന്നൊരവസ്ഥയുണ്ടായാല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കൊണ്ട് അവിടം നശിക്കുമായിരുന്നുവെന്നും ലാലു പറയുന്നു.

ദന്‍ബാധില്‍ നിന്നും പുറപ്പെട്ട അദ്വാനിയെ സസാരത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. തീവണ്ടി യാത്രക്കിടെ അറസ്റ്റു ചെയ്യാമെന്നായിരുന്നു തീരുമാനിച്ചത്. ഹൗറ രാജധാനിയില്‍ പുലര്‍ച്ചെ രണ്ടിന് ബീഹാറിലേക്കെത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്തിരുന്നു. ജില്ലാ മജിസ്േ്രട്രറ്റും റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ കാബിനില്‍വെച്ച് അറസറ്റു ചെയ്യാന്‍ സജ്ജരായിരുന്നു. എന്നാല്‍ ഈ പദ്ധതി പുറത്താവുകയായിരുന്നു. തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.

അപ്പോഴേക്കും അദ്വാനിയുടെ രഥയാത്ര പട്‌നയിലെത്തി. രാത്രി അവിടെ ഗസ്റ്റ് ഹൗസില്‍ തങ്ങാനായിരുന്നു അദ്വാനിയുടെ പ്ലാന്‍. ഇനി വളരെ കുറച്ച് ഉദ്യോഗസ്ഥരെ മാത്രമേ വിവരം അറിയിക്കുകയുള്ളൂവെന്നതായിരുന്നു അടുത്ത തീരുമാനം. ജില്ലാ മജിസ്‌ട്രേറ്റിനേയും ഉയര്‍ന്ന ഉദ്യോഗസ്ഥനേയും വിളിച്ച് മസഞ്ചോറിലെ ഗസ്റ്റ് ഹൗസിലേക്ക് താനെത്തുമെന്ന് അറിയിച്ചു. അവിടെ ഒരാളെപോലും അനുവദിക്കരുതെന്നും താന്‍ അറിയിച്ചിരുന്നു. ഞാന്‍ ഉദ്യോഗസ്ഥരെ വിളിച്ച് അവരോട്് വീട്ടിലേക്ക് മടങ്ങരുതെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ ഞങ്ങളുടെ ചീഫ് പൈലറ്റുമായി ബന്ധപ്പെടുകയും അതിരാവിലെ യാത്രക്ക് തയ്യാറാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ലക്ഷ്യസ്ഥാനം രഹസ്യമാക്കി വെക്കുകയായിരുന്നു.അതിരാവിലെ ഞങ്ങളുടെ പൈലറ്റുമാര്‍ സമസ്തിപൂരിലെത്തി. അദ്വാനി തങ്ങുന്ന സമസ്തിപൂരിലെ സര്‍ക്യൂട്ട് ഹൗസിനടുത്തെ സ്റ്റേഡിയത്തില്‍ നിലയുറപ്പിച്ചു.

അന്നെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സമസ്തിപൂരില്‍ അദ്വാനി താമസിക്കുന്ന ഗവര്‍ണമെന്റ് ഗസ്റ്റ് ഹൌസിലെ ലാന്റ് ഫോണിലേക്ക് ഞാന്‍ വിളിച്ചു. ഒക്ടോബര്‍ 10ാം തിയ്യതി നാല് മണി സമയത്തോടടുത്താണ് ഞാന്‍ വിളിക്കുന്നത്. ആജ് ന്യൂസ്‌പേപ്പറിലെ റിപ്പോര്‍ട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് വിളിക്കുന്നത്. ഫോണിന്റെ മറുതലക്കല്‍ ഗസ്റ്റ് ഹൌസിലെ പാചകക്കാരനായിരുന്നു. അദ്വാനി ഇപ്പോള്‍ എന്തെടുക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഉറങ്ങുന്നുവെന്നാണ് ഉത്തരം നല്‍കിയത്. അദ്ദേഹം ഒറ്റക്കാണോ അതോ മുറിയില്‍ വേറെ ആളുകളുണ്ടോ എന്ന എന്റെ രണ്ടാമത്തെ ചോദ്യത്തിന് അദ്ദേഹം ഒറ്റക്കാണ് എന്ന മറുപടിയാണ് നല്‍കിയത്. അദ്ദേഹത്തിന് ചായ നല്‍കി ഫോണ്‍ താഴെ വെക്കാന്‍ ആവശ്യപ്പെട്ടു. അദ്വാനിയുടെ അനുകൂലികള് പോയെന്ന് ഉറപ്പുവരുത്തി. അവര്‍ അവിടെ തമ്പടിക്കുകയാണെങ്കില്‍ അറസ്റ്റ് എളുപ്പമല്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ട മാഥധ്യമപ്രവര്‍ത്തകരോടെല്ലാം അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അറിയിച്ചത്.

അല്‍പ സമയത്തിന് ശേഷം എന്റെ ഉദ്യോഗസ്ഥര്‍ വിളിച്ച് ദൗത്യം പൂര്‍ത്തിയായതായി അറിയിച്ചു. അദ്വാനി അറസ്റ്റിലായി. തനിക്ക് പേടിയുണ്ടായിരുന്നു എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാവുമോ എന്നോര്‍ത്ത്. എന്നാല്‍ എല്ലാം നല്ല രീതിയിലാണ് സംഭവിച്ചത്. അതിനിടയിലും ഒരു കൂട്ടം മാധ്യമങ്ങള്‍ ഞാന്‍ അദ്വാനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ അത്രയും തരം താഴ്ന്ന രീതിയില്‍ പ്രചാരണം നടത്തിയതില്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. വ്യാജ പ്രചാരണങ്ങളെ പൊളിക്കാന്‍ ഞാന്‍ ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ച് അദ്വാനിയുടെ മകള്‍ പ്രതിഭയോട് അച്ഛനെ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഒരിക്കല്‍ മസഞ്ചോര്‍ ഗസ്റ്റ് ഹൗസിലെത്തി ഞാന്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞു, ‘സര്‍, നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ്, ദയവായി നിങ്ങള്‍ എനിക്കെതിരെ തിരിയരുത്.’ ഒരു പാചകക്കാരനേയും ഡോക്ടറേയും ഉള്‍പ്പെടെ മറ്റെല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും അറിയിച്ചു. ഗസ്റ്റ് ഹൗസില്‍ കുറച്ചധികം ദിവസം അദ്വാനി തങ്ങിയിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തേയും ഞാന്‍ ബന്ധപ്പെട്ടിരുന്നു. അദ്വാനിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഞാന്‍ എതിര്‍ത്തുവെങ്കിലും ഞങ്ങള്‍ ശത്രുക്കളല്ലെന്നും ലാലു പറഞ്ഞു. കേന്ദ്രത്തില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിനെ നഷ്ടപ്പെട്ടു, പക്ഷേ അദ്വാനിയെ അറസ്റ്റു ചെയ്തു എന്നതില്‍ ഇപ്പോഴും അഭിമാനിക്കുന്നു. സാമുദായിക ധ്രുവീകരണം തടയാന്‍ എല്‍കെ അഡ്വാനിയെ അറസ്റ്റുചെയ്യേണ്ടിവരികയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE