കാലിത്തീറ്റ അഴിമതി: നാലാമത്തെ കേസിലും ലാലു കുറ്റക്കാരന്‍

പട്‌ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും കേസില്‍ പ്രതിയുമായ ജഗന്നാഥ് മിശ്രയെ കോടതി വെറുതെ വിട്ടു. വിധി പ്രസ്താവം കേള്‍ക്കാന്‍ ലാലു കോടതിയില്‍ എത്തിയിരുന്നു. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചിലവഴിച്ചതാണ് കേസിനാധാരം.1995 ഡിസംബറിനും ജനുവരി 1996 നും ഇടയില്‍ ഡുംക ട്രഷറിയില്‍നിന്ന് 3.13 കോടിരൂപ വെട്ടിച്ചെന്നാണ് കേസ്. ലാലുവും ജഗന്നാഥ് മിശ്രയും ഉള്‍പ്പെടെ 31 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. വിചാരണ സമയത്തു 14 പേര്‍ മരിക്കുകയും രണ്ടുപേര്‍ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ ഇവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് 2013 ല്‍ കോടതി കണ്ടെത്തിയിരുന്നു. ആ കേസില്‍ അഞ്ച് വര്‍ഷം ശിക്ഷയും ലാലുവിന് ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ 2017 ഡിസംബര്‍ 23നാണ് വിധി വന്നത്. ആ കേസില്‍ മൂന്നരവര്‍ഷം തടവാണ് ലാലുവിന് കോടതി വിധിച്ചത്.മൂന്നാമത്തെ കേസില്‍ 2018 ജനുവരിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും അഞ്ചുവര്‍ഷം തടവ് ലഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ അനാരോഗ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

SHARE