രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച നിതീഷ്‌കുമാറിന് ലാലു പ്രസാദ് യാദവിന്റെ ശാസന

പട്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തിനെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്‌കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്‌കുമാറിനെ നേരില്‍ കണ്ട് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ പിന്തുണക്കാന്‍ ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ‘പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്. അതിനാല്‍ നിതീഷ്‌കുമാര്‍ ചെയ്തത് ചരിത്രപരമായ തെറ്റായേ കണക്കാക്കാനാവൂ.’-ലാലു പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാകുമാറിന് 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാലു പ്രസാദ് നിതീഷ്‌കുമാറിനെതിരെ രംഗത്തുവന്നത്. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ ബിഹാറിലെ കൂട്ടുകക്ഷി സര്‍ക്കാറിന് ഭീഷണിയില്ലെന്ന് അദ്ദേഹം പറഞ്ഞു.