ഏഴ് ജന്മമെടുത്താലും മോദിക്ക് ഗാന്ധിയാകാനാവില്ല: ലാലു പ്രസാദ് യാദവ്

പറ്റ്‌ന: ഏഴ് ജന്മമെടുത്താലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മഹാത്മാഗാന്ധിയെപ്പോലെയാവാന്‍ കഴിയില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. അടുത്ത കാലത്തായി മോദി ശ്രമിക്കുന്നത് ഗാന്ധിയെപ്പോലെയാവാനാണ്, എന്നാല്‍ ഒന്നു പറയട്ടെ ഏഴ് ജന്മമെടുത്താലും നിങ്ങള്‍ക്ക് അതിന് കഴിയില്ല,പറ്റ്‌നയില്‍ നടന്ന പൊതുചടങ്ങില്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു. ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയെ മാറ്റി മോദിയുടെ ചിത്രം വെച്ചതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ ഘാതകര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ അപമാനം തോന്നുന്നു, ഇപ്പോള്‍ മഹാത്മാഗാന്ധിജിയുടെ ചിന്തകളെ കശാപ്പ് ചെയ്യാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ലാലു പറഞ്ഞു. കറന്‍സിയില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന ഹരിയാനയിലെ മന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. ഗാന്ധിജി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ പുതുതലമുറയിലെ ഇത്തരം അഭിപ്രായങ്ങള്‍കേട്ട് അമ്പരന്നേനെയെന്നും ലാലു പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെയും അദ്ദേഹം കണക്കിന് പരിഹസിച്ചു. ഖാദി കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയെ പ്രതിഷ്ഠിച്ചതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

SHARE