പൗരത്വ ഭേദഗതി നിയമം;ജയിലില്‍ നിന്ന് ബി.ജെ.പിക്കെതിരെ ലാലു പ്രസാദിന്റെ മറുപടി

ആയിരം മുറിവുകളുണ്ടെങ്കിലും ശത്രുക്കളോട് പോരാടാന്‍ തനിക്കിപ്പോഴും കഴിവുണ്ട്, പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുന്നെന്ന പ്രതികരണവുമായി ലാലു പ്രസാദ് യാദവ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്. നിലവില്‍ കാലിത്തീറ്റ അഴിമതിക്കേസുകളില്‍ ജയിലിലാണ് അദ്ദേഹം.

‘എന്റെ കണ്ണുകളിലെ അഗ്‌നിജ്വാലകള്‍ക്ക് ഇപ്പോഴും തിളക്കമുണ്ട്, എന്റെ തത്ത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, രോഗത്തിന്റെ പിടിയിലാണെങ്കിലും ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. ആയിരം മുറിവുകള്‍ ഉണ്ടെങ്കിലും ശത്രുക്കളെ നേരിടാന്‍ ഞാന്‍ ഇപ്പോഴും പ്രാപ്തനാണ്, ദൈവത്തിന് നന്ദി. എന്റെ ആത്മാഭിമാനത്തിന് ഇപ്പോഴും ഒരു ക്ഷതവും സംഭവിച്ചിട്ടില്ല’ ലാലു പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

ന്യൂനപക്ഷങ്ങള്‍ക്ക് എക്കാലത്തും പിന്തുണ നല്‍കേണ്ടതുണ്ടെന്ന് പ്രസംഗിക്കുന്ന തന്റെ പഴയ ഒരു വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു ലാലു പ്രസാദിന്റെ കുറിപ്പ്.മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെയും ബി.ജെ.പി സര്‍ക്കാരിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസംഗമാണ് ലാലു ട്വീറ്റ് ചെയ്തത്.പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വിവിധയിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ റെയില്‍വെ സ്‌റ്റേഷന് തീയിട്ടു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദന്‍ഗ റെയില്‍വ സ്‌റ്റേഷനിലാണ് തീയിട്ടത്. അസമില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. സൈന്യം നടത്തിയ വെടിവെപ്പില്‍ ജോര്‍ഹട്ടിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥിയുമുണ്ട്.

ത്രിപുരയിലെ സമരക്കാരില്‍ ഒരു വിഭാഗം കേന്ദ്രം നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.എന്നാല്‍ മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ആളിപ്പടരുകയാണ്.ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

SHARE