നൗക്യാമ്പില്‍ ഇന്ന് തീ പറക്കും…..

സ്പാനിഷ് ലീഗില്‍ ഇന്ന് തീ പാറുന്ന പോരാട്ടം. സീസണിലെ ആദ്യ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സ റയല്‍ മാഡ്രിഡിനെ നേരിടും. ബാഴ്‌സയുടെ തട്ടകമായ നൗക്യാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ലീഗ് പട്ടികയില്‍ നിലവില്‍ 35 പോയിന്റുമായി ഇരുടീമും ഒപ്പത്തിനൊപ്പമായതിനാല്‍ ഇന്നത്തെ മത്സരം തീപാറും.ജയിക്കുന്ന ടീമിന് ലാലിഗയിലും ഒന്നാമതെത്താം.കറ്റാലന്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്‌ടോബറില്‍ നടക്കേണ്ട ക്ലാസികോ മത്സരം മാറ്റിവയ്ക്കുകയായിരുന്നു. മത്സരത്തിന് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

സീസണ്‍ തുടക്കത്തില്‍ മാഡ്രിഡിലെത്തിയ ബല്‍ജിയം താരം ഏദന്‍ ഹസാഡിന് എല്‍ ക്ലാസിക്കോ കളിക്കാന്‍ ഇനിയും കാത്തിരിക്കണം. കാലിനേറ്റ പരുക്കു മൂലം ഹസാഡ് ഇന്നു കളിക്കില്ല.മാര്‍സലോ, ഹാമിഷ് റോഡ്രിഗസ്, മാര്‍ക്കോ അസെന്‍സിയോ, ലൂക്കാസ് വാസ്‌ക്വെസ് എന്നിവരും പരുക്കിന്റെ പിടിയിലാണ്. കാര്‍ലോസ് കാസെമിറോ തിരിച്ചെത്തുന്നത് സിദാന് ആശ്വാസമാണ്. ബെന്‍സേമയ്‌ക്കൊപ്പം വിനീസ്യൂസ് ജൂനിയര്‍, ഗാരെത് ബെയ്ല്‍ എന്നിവര്‍ മുന്നേറ്റത്തില്‍ ഇറങ്ങും. മെസ്സി-സ്വാരെസ്-ഗ്രീസ്മാന്‍ ത്രയം പൂര്‍ണമായും ഫിറ്റാണെന്നത് ബാര്‍സ പരിശീലകന്‍ വെല്‍വെര്‍ദെയ്ക്ക് സന്തോഷം നല്‍കുന്ന കാര്യം. ഡെംബെലെ, ആര്‍തുര്‍ എന്നിവര്‍ വിശ്രമത്തിലാണ്.

പ്രതീക്ഷിക്കുന്ന ആദ്യ ഇലവന്‍

ബാര്‍സിലോണ: ടെര്‍സ്റ്റെഗന്‍,സെമേദോ,പിക്യു,ലെന്‍ഗ്‌ലെറ്റ്,ആല്‍ബ,റാക്കിറ്റിച്ച്,ബുസ്‌ക്കറ്റസ്,ഡി ജോങ്,മെസി,സുവാരസ്,ഗ്രീസ്മാന്‍
റയല്‍ മാഡ്രിഡ്: കൊര്‍ട്ടോസിസ്,കവഹാല്‍,വരാനേ,റാമോസ്,മെന്‍ഡി,ക്രൂസ്, കാസെമിറോ ,വല്‍വര്‍ദേ,റോഡ്രീഗോ, ബെന്‍സേമ , വിനീസ്യൂസ് ജൂനിയര്‍

SHARE