കമലിനെ പാകിസ്താനിലേക്ക് കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ:ലാല്‍ജോസ്

തൃശ്ശൂര്‍: സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘ്പരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഘമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക്‌
കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ എന്ന് ലാല്‍ജോസ് ചോദിച്ചു.

അഭിപ്രായത്തിന്റെയും നിലപാടുകളുടെയും പേരില്‍ സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവനയും പ്രതിഷേധവും തുടരുന്നതിനിടെയാണ് അദേഹത്തിന്റെ ജന്‍മനാട്ടില്‍ രാഷ്ട്രീയ ഭേദമന്യേ ഐക്യദാര്‍ഡ്യ സംഗമം നടത്തിയത്. കമലിന്റെ വീടിന് മുന്നിലെത്തി ബി.ജെ.പി നേതാക്കള്‍ പ്രതിഷേധിച്ച അതേ കൊടുങ്ങല്ലൂരില്‍ തന്നെ ഇരുള്‍ വിഴുങ്ങും
മുന്‍പെ എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പുകൂടിയായി.

തിയേറ്ററുകളില്‍ ദേശീയഗാനാലാപനവുമായി ബന്ധപ്പെട്ട കമലിന്റെ നിലപാടാണ് സംഘ്പരിവാര ശക്തികളെ ചൊടിപ്പിച്ചത്. പാകിസ്താനിലേക്ക് പോവണമെന്നാണ് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഇതിനെതിരെ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായാണ് ബി.ജെ.പി.ക്കെതിരെ നിലപാട് എടുത്തത്.

SHARE