കൊല്‍ക്കത്ത: മഴയും വെളിച്ചക്കുറവും കാരണം ഇന്ത്യ – ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വെറും 11.5 ഓവറേ പന്തെറിയാനായുള്ളൂ. പക്ഷേ, സുരങ്ക ലക്മല്‍ എന്ന 30-കാരന് പേസ് ബൗളറുടെ മുന്നില്‍ ആടിയുലഞ്ഞ ഇന്ത്യക്ക് മുന്‍നിരയിലെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപണര്‍മാരായ ലോകേഷ് രാഹുല്‍ (0), ശിഖര്‍ ധവാന് (8), ക്യാപ്ടന് വിരാട് കോഹ്ലി (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായ ഇന്ത്യ മൂന്നിന് 17 എന്ന നിലയില്‍ പതറുകയാണ്. മൂന്നു വിക്കറ്റും വീഴ്ത്തിയത് ലക്മല്‍ തന്നെ. ആറ് ഓവര്‍ തുടര്‍ച്ചയായി എറിഞ്ഞ ല്കമലിന്റെ പന്തില്‍ ഒരു റണ്‍സ് പോലും നേടാന്‍ ആതിഥേയര്‍ക്കു കഴിഞ്ഞില്ല.
മഴ കാരണം നാലു മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തിന്റെ ആദ്യപന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായിരുന്നു. ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ഓഫ്സ്റ്റംപിനു പുറത്ത് കുത്തിയുയര്‍ന്ന പന്ത് രാഹുലിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലൊതുങ്ങി. തന്റെ നാലാം ഓവറില്‍ ധവാന്റെ കുറ്റി തെറിപ്പിച്ചാണ് ലക്മല്‍ വീണ്ടും ആഞ്ഞടിച്ചത്. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയെങ്കിലും മത്സരം പുനരാരംഭിച്ചതിനു പിന്നാലെ കോഹ്ലിയും ലക്മലിന് ഇരയായി. അംപയര്‍ നൈജര്‍ ലോങിന്റെ എല്‍.ബി.ഡബ്ല്യൂ തീരുമാനം കോഹ്ലി റിവ്യൂ ചെയ്തെങ്കിലും ഫലം കണ്ടില്ല. രഹാനെക്കെതിരായ ലക്മലിന്റെ എല്‍.ബി അപ്പീല്‍ അംപയര്‍ നിരസിച്ചത് ഇന്ത്യക്ക് ആശ്വാസമായി.
വെളിച്ചക്കുറവ് കാരണം കളി നേരത്തെ നിര്‍ത്തിയത് ഇന്ത്യക്ക് അനുഗ്രഹമായി. നാളെ ഒമ്പതു മണിക്കു തന്നെ മത്സരം ആരംഭിക്കും എന്നാണ് സൂചന.
Stumps is called with only 11.5 overs of play possible on Day 1 in Kolkata, 0/3 off 6 overs from Suranga Lakmal giving Sri Lanka the best of the day. India 17/3 at the close of play #INDvSL pic.twitter.com/1BoDHu9w52
— ICC (@ICC) November 16, 2017