മെസ്സി ഹാട്രിക്കില്‍ ബാര്‍സ കുതിക്കുന്നു, റയലിന് വീണ്ടും സമനിലക്കുരുക്ക്

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എതിരില്ലാത്ത അഞ്ച് ഗോളിലാണ് ബാര്‍സ എസ്പാന്യോളിനെ തോല്‍പ്പിച്ചത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി വന്നത് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തിരിച്ചടിയായി.

ലെവാന്റെക്കെതിരെ റയല്‍ മാഡ്രിഡ് 1-1 സമനില വഴങ്ങിയതിനു ശേഷമായിരുന്നു നൗകാംപില്‍ ബാര്‍സലോണയുടെ മത്സരം. സാന്റിയാഗോ ബര്‍ണേബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂകാ മോഡ്രിച്ച്, കാസമീറോ തുടങ്ങിയ പ്രമുഖരില്ലാതെയാണ് റയല്‍ കോച്ച് സിദാന്‍ ടീമിനെ ഒരുക്കിയത്. സീസണിലാദ്യമായി തിയോ ഹെര്‍ണാണ്ടസിനും മാര്‍കോസ് യോറന്റെക്കും സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം നല്‍കിയ സിദാന്‍ ഗരത് ബെയ്ല്‍, ഇസ്‌കോ, കാസമിറോ എന്നിവരെ ബെഞ്ചിലിരുത്തി.

4-1-5 ശൈലിയില്‍ കളിച്ച ലാവന്റെ പകുതി നിറഞ്ഞ സ്‌റ്റേഡിയത്തെ ഞെട്ടിച്ച് 12-ാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. വലതു ഭാഗത്തുനിന്ന് റയല്‍ ബോക്‌സിലേക്കെത്തിയ ഇവാന്‍ ലോപ്പസിന്റെ ത്രോ, റയല്‍ ഡിഫന്റര്‍ കാര്‍വഹാളിനെ കബളിപ്പിച്ച് ഇവി ലോപസ് വലയിലെത്തിക്കുകയായിരുന്നു. (0-1). 28-ാം മിനുട്ടില്‍ പരിക്കേറ്റ ബെന്‍സേമയെ തിരിച്ചുവിളിച്ച് സിദാന്‍ ഗരത് ബെയ്‌ലിനെ ഇറക്കി. 36-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡര്‍ ലാവെന്റെ കീപ്പര്‍ റൗള്‍ ഗോണ്‍സാലസ് തടഞ്ഞിട്ടെങ്കിലും റീബൗണ്ടില്‍ നിന്ന് വാസ്‌ക്വെസ് പന്ത് വലയിലാക്കി. (1-1). പതിവ് പ്രതിരോധ റോള്‍ വിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പൊസിഷനില്‍ കളിച്ച മാഴ്‌സലോ 89-ാം മിനുട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങി.

 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മോശം പ്രകടനത്തിലെ നിരാശ തീര്‍ക്കുന്നതായിരുന്നു ലയണല്‍ മെസ്സിയുടെ ഹാട്രിക്. 26, 35, 67 മിനുട്ടുകളിലാണ് മെസ്സി ഗോളുകള്‍ നേടിയത്. ഓഫ്‌സൈഡ് പൊസിഷനില്‍ പന്ത് സ്വീകരിച്ച് നേടിയ ആദ്യ ഗോളിന് ഇവാന്‍ റാകിറ്റിച്ചും രണ്ടും മൂന്നും ഗോളുകള്‍ക്ക് ജോര്‍ദി ആല്‍ബയും വഴിയൊരുക്കി. 87-ാം മിനുട്ടില്‍ റാകിറ്റിച്ചിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് പിക്വെ ലീഡ് നാലാക്കിയപ്പോള്‍ 90-ാം മിനുട്ടില്‍ അരങ്ങേറ്റ താരം ഉസ്മാന്‍ ഡെംബലെയുടെ പാസില്‍ നിന്ന് ലൂയിസ് സുവാരസ് പട്ടിക പൂര്‍ത്തിയാക്കി.

 

ബൊറുഷ്യ ഡോട്മുണ്ടില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സയിലെത്തിയ ഉസ്മാന്‍ ഡെംബലെയെ 68-ാം മിനുട്ടില്‍ ഡെലഫുവിനെ പിന്‍വലിച്ചാണ് കോച്ച് കളത്തിലിറക്കിയത്. കളിയുടെ അവസാന ഘട്ടത്തില്‍ ആേ്രന്ദ ഗോമസിന്റെ പാസ് സ്വീകരിച്ച് കുതിച്ചുകയറിയ ഉസ്മാന്‍ ബോക്‌സില്‍ വെച്ച് പന്ത് ഗോളടിക്കാന്‍ പാകത്തില്‍ സുവാരസിന് നീട്ടുകയായിരുന്നു.