ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ഇരുസേനകളും പിന്മാറുന്നു; ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ഇരു രാജ്യങ്ങളും പിന്‍മാറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടേയും ചൈനയുടേയും സൈനിക കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, സൈനിക തല ചര്‍ച്ച തുടരും.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് കമാന്‍ഡര്‍ റാങ്കിലുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. ജൂണ്‍ ആറിനായിരുന്നു ആദ്യ ചര്‍ച്ച.

മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യന്‍ സൈന്യവും അതിര്‍ത്തിയില്‍ തമ്പടിച്ചത്. നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസ!ര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിക്കുകയായിരുന്നു.

SHARE