ശ്രീറാമിന് ജാമ്യം; ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ; ശക്തമായ സമരം ആരംഭിക്കും

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍. മദ്യപിച്ച്് ലക്കുകെട്ട്് വാഹനമോടിച്ചാണ് ശ്രീറാം വെങ്കട്ടരാമന്‍ ബഷീറിനെ കൊല ചെയ്തത്. സഹയാത്രികയും സാക്ഷികളും ശ്രീറാം മദ്യ ലഹരിയിലാണെ് വ്യക്തമാക്കിയിട്ടും അയാളുടെ രക്ത സാമ്പിള്‍ എടുക്കാന്‍ വൈകി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോര്‍ട്ടും നല്‍കി. ആശുപത്രിയില്‍ പോലും പ്രതിക്ക് സുഖവാസമാണ്. വ്യക്തമായ ഒത്തുകളിയാണിത്. പൊലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഏകപക്ഷീയ നടപടികള്‍ക്കെതിരെ ശക്തമായ സമരത്തിന് യൂണിയന്‍ നേതൃത്വം നല്‍കുമെന്ന് പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജന.സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ വ്യക്തമാക്കി. ഇന്ന് ജില്ലകളില്‍ പൊലീസ് ആസ്ഥാനത്തേക്ക് യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. അനന്തര സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഇന്ന് അടിന്തിരമായി കോഴിക്കോട്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരും.