കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള ഇന്ത്യയ്ക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചത്വത്വം തുടരുന്നു. നാളെ നിശ്ചയിച്ച ഹൈദരാബാദ്, കൊച്ചി വിമാനസര്‍വീസുകള്‍ക്ക് കുവൈത്ത് വ്യോമയാന മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ ആദ്യം നാട്ടിലെത്തിക്കണമെന്ന കുവൈത്തിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് കുവൈത്തിന്റെ കടുംപിടിത്തത്തിന് കാരണം എന്ന് കരുതപ്പെടുന്നു.
ആറായിരത്തോളം ഇന്ത്യയ്ക്കാര്‍ക്കാണ് കുവൈത്ത് പൊതുമാപ്പ് നല്‍കിയിരുന്നത്. ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചിരുന്നു. എന്നാല്‍ കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് എന്നീ വിമാനങ്ങള്‍ക്ക് ഇന്ത്യ പ്രവേശനാനുമതി നല്‍കിയിട്ടില്ല.
പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എംബസിയുടേയും എയര്‍ ഇന്ത്യയുടേയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് യാത്ര നീളുന്നത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച ഇന്ത്യയ്ക്കാരുള്ള രാഷ്ട്രങ്ങളിലൊന്ന് കുവൈത്താണ്.