ഓണ്‍ലൈന്‍ തട്ടിപ്പ്; കുവൈത്തില്‍ 10 സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു- തട്ടിയത് ശതകോടികള്‍

കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ബൂത്തിഖാത് ഡോട് കോം വഴി കോടികള്‍ തട്ടിയെടുത്ത പരാതിയില്‍ കുവൈത്തിലെ 10 സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചു. ചിലര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പണം തട്ടാന്‍ വെബ്‌സൈറ്റ് ഉപയോഗിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ലാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. വെബ്‌സൈറ്റിന്റെയും ഉടമകളുടെയും എല്ലാ അക്കൗണ്ടുകളും ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ കണക്കു പ്രകാരം അഞ്ഞൂറു ദശലക്ഷം യു.എസ് ഡോളറാണ് വെബ്‌സൈറ്റിന്റെ മൂല്യം. ഉത്പന്നങ്ങള്‍ക്ക് വിര്‍ച്വല്‍ ലോകത്ത് ഇടം നല്‍കുന്ന വെബ്‌സൈറ്റാണ് ബൂതിഖാത്ത്. മിക്ക ഓണ്‍ലൈന്‍ താരങ്ങള്‍ക്കും വെബ്‌സൈറ്റില്‍ ഷോപ്പുണ്ട്.

ദ റിയല്‍ ഫൗസ് ബ്യൂട്ടി സലൂണ്‍ എന്ന കമ്പനിയുടെ ഉടമസ്ഥ ഫൗസ് അല്‍ ഫഹദാണ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സെലിബ്രിറ്റികളില്‍ പ്രധാനി. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. അഞ്ചു ദശലക്ഷം ഫോളോവേഴ്‌സുള്ള ഫറ അല്‍ ഹാദിയാണ് മറ്റൊരാള്‍. ഇറാനിയന്‍ നടന്‍ അഖീല്‍ അല്‍ റൈസിയാണ് ഇവരുടെ ഭര്‍ത്താവ്. ഈയിടെ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ മാകുമായി ഇവര്‍ കരാറിലെത്തിയിരുന്നു.

ഇറാഖി സൗന്ദര്യസംരഭക ദാന അല്‍ തുവാരിഷ്, ടി.വി അവതാരികയും മുന്‍ മോഡലുമായ ഹലീമ ബൗലാന്ദ്, ഫാഷന്‍ ഡിസൈനര്‍ ജമാല്‍ അല്‍ നജാദ, ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന ഷിഫ അല്‍ ഖറാസ് എന്നിവരും അന്വേഷണ പരിധിയിലാണ്.

SHARE