കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്ന് അമ്പത് ശതമാനം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. മന്ത്രാലയങ്ങളിലെ പ്രവാസി അനുപാതം അമ്പത് ശതമാനമായി നിജപ്പെടുത്തിയതായും ബാക്കിയുള്ളവരെ മൂന്നു മാസത്തിനുള്ളില്‍ പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സാങ്കേതിക ഇതര തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചു വിടുന്നത്. മന്ത്രാലയം നേരിട്ട് തൊഴില്‍ നല്‍കിയവരെ മന്ത്രാലയത്തിനു കീഴിയിലെ സബ്കോണ്‍ട്രാക്ടിങ് കമ്പനികളിലേക്ക് മാറ്റും.
രാജ്യത്ത് നിലനില്‍ക്കുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് നിര്‍ദ്ദേശം നടപ്പാക്കുന്നത് എന്ന് പാര്‍ലമെന്ററി മാനവവിഭവ ശേഷി വകുപ്പ് സമിതി തലവന്‍ എം.പി ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. ‘അടുത്തയാഴ്ച ഇക്കാര്യത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിവരക്കണക്കുകള്‍ വച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. അത് നാഷണല്‍ അസംബ്ലിക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യും’ – അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 43 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ 13 ലക്ഷം മാത്രമാണ് കുവൈത്തികള്‍. വിദേശികള്‍ മുപ്പത് ലക്ഷവും. സ്വന്തം പൗരന്മാര് രാജ്യത്ത് ന്യൂനപക്ഷമാകുന്ന വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്.
2018ലാണ് സര്‍ക്കാര്‍ കുവൈത്തിവല്‍ക്കരണം പ്രഖ്യാപിച്ചത്. 2019 ഡിസംബര്‍ വരെ രാജ്യത്തെ 30 ലക്ഷം പ്രവാസികളില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 1.2 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2018ല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്ന അമ്പതിനായിരം പേരെയും പിരിച്ചുവിട്ടിരുന്നു. രാജ്യത്തെ പ്രവാസി ജനസംഖ്യ എഴുപത് ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് ഈയിടെ വ്യക്തമാക്കിയിരുന്നു.