കുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക്; അനിശ്ചിതത്വം തുടരുന്നു

കുവൈത്ത് സിറ്റി: നാട്ടിലെത്തിയ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുപോകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കുവൈത്തില്‍നിന്ന് ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കാനുള്ള കരാര്‍ കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഇതിനായി സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ കുവൈത്തിലേക്ക് പോകാനുള്ള അനുമതി വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.

കുവൈത്തില്‍ നിന്ന് പ്രതിദിനം ആയിരം ഇന്ത്യയ്ക്കാരെ ഒഴിപ്പിക്കാനാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയായത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇതിനായാണ് താല്‍ക്കാലിക അനുമതി നല്‍കിയത് എന്നും യാത്രാനിരോധം നീക്കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് പത്തു മുതല്‍ ഒക്ടോബര്‍ 24 വരെ ആയിരിക്കും വിമാനസര്‍വീസ്. ഇരുരാഷ്ട്രങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് 500 സീറ്റു വീതം നല്‍കും.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 31 രാഷ്ട്രങ്ങളിലെ വിമാനങ്ങള്‍ക്കാണ് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ആദ്യം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഓരോ പത്തു ദിവസം കൂടുമ്പോഴും പട്ടികയില്‍ മാറ്റം വരുത്തുമെന്ന് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.

SHARE