നാലു മാസത്തിനു ശേഷം കുവൈത്തില്‍ ജുമുഅ ആരംഭിക്കുന്നു; കര്‍ശന നിയന്ത്രണങ്ങള്‍


കുവൈത്ത് സിറ്റി: നാലു മാസത്തിന് ശേഷം കുവൈത്തില്‍ ജുമുഅ നമസ്‌കാരം ആരംഭിക്കുന്നു. ഇന്ന്(ജൂലൈ 17)മുതലാണ് ജുമുഅ വീണ്ടും ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പതിനഞ്ച് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ജുമുഅയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ക്കും 37.5 ഡിഗ്രിയില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഖുതുബ പത്ത് മിനിറ്റാക്കി ക്രമീകരിക്കും. ജുമുഅയ്ക്ക് അര മണിക്കൂര്‍ മുമ്പ് മാത്രമാണ് പ്രവേശനം അനുവദിക്കുക. വിശ്വാസികള്‍ മുസല്ല കൊണ്ടുവരണം. മാസ്‌കും കൈയ്യുറകളും ധരിക്കണം.സാമൂഹിക അകലം പാലിക്കണം.

നമസ്‌കാരത്തിന് ശേഷം കൂട്ടം കൂടി നില്‍ക്കാതെ എത്രയും വേഗം പിരിഞ്ഞു പോകണം. പള്ളികളിലെ ശുചിമുറി തുറക്കില്ല. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആയിരത്തോളം പള്ളികളിലാണ് ജുമുഅ ഒരുക്കങ്ങള്‍ നടക്കുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ മാര്‍ച്ച് 13 മുതലാണ് ജുമുഅ നിര്‍ത്തിവെച്ചത്.

SHARE