കുറുമ്പാലക്കോട്ടയില്‍ ടൂറിസത്തിന്റെ മറവില്‍ പ്രകൃതി ചൂഷണം നടക്കുന്നതായി പരാതി

കല്‍പ്പറ്റ: കുറുമ്പാലക്കോട്ട മലയിലെ ടൂറിസത്തിന്റെ മറവില്‍ വന്‍തോതിലുള്ള പാറ ഘനനവും ഭൂമി നിരപ്പാക്കലും മരംമുറിയും നടക്കുന്നതായി കുറുമ്പാലക്കോട്ടമല സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മലയിലാണ് ടൂറിസത്തിന്റെ മറവില്‍ വന്‍തോതില്‍ ചൂഷണം നടക്കുന്നത്. ഏച്ചോം വിളമ്പുകണ്ടം ഭാഗത്തുനിന്നും മലയിലേക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം പടികള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനാവശ്യമായ പാറ മലയില്‍നിന്നുതന്നെ പൊട്ടിച്ചെടുക്കുകയായിരുന്നു. മൂന്നും നാലും ജെസിബി ഉപയോഗിച്ചാണ് വിവിധയിടങ്ങളില്‍ മല തുരക്കുന്നത്.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മലയില്‍ കിണര്‍നിര്‍മാണവും നടക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. മലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മരംമുറിയാണ് നടക്കുന്നത്. ടൂറിസ്റ്റുകള്‍ നിക്ഷേപിക്കുന്ന അജൈവ മാലിന്യങ്ങളുടെ ആധിക്യം ദോഷം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ഒമ്പത് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളാണ് ഇവിടെ സംഭവിച്ചത്.
പാറഘനനവും മരംമുറിയും മലതുരക്കലും വ്യാപകമായതിനെതുടര്‍ന്നാണ് ഉരുള്‍പൊട്ടലും ഭൂമിവിണ്ടുകീറുന്ന പ്രതിഭാസവും വര്‍ധിക്കാന്‍ കാരണമായത്. അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ അടിയന്തരമായി ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇവരെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണം. ടൂറിസത്തിന്റെ മറവില്‍ കുറുമ്പാലക്കോട്ടയില്‍ നടക്കുന്ന അനധികൃത പ്രവൃത്തികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കുറുമ്പാലക്കോട്ടമല സംരക്ഷണ സമിതി കണ്‍വീനര്‍ ഷിജു മരുതനിക്കല്‍, ചെയര്‍മാന്‍ കെ.പി. മോഹനന്‍, രാജു ചിറക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

SHARE