കുര്‍ദിസ്താനില്‍ ഹിതപരിശോധന നടന്നു; വിലക്കുകള്‍ കടുപ്പിച്ച് ഇറാഖ്

 
ബഗ്ദാദ്: ഇറാഖ് ഭരണകൂടത്തിന്റെയും ഐക്യരാഷ്ട്രസഭയുടേയും ശക്തമായ എതിര്‍പ്പുകള്‍ അവഗിണിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടന്നു. ചരിത്രപ്രധാന ഹിതപരിശോധനയില്‍ വോട്ടുരേഖപ്പെടുത്താന്‍ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എത്തിയത്.
വോട്ടെടുപ്പിനു മുന്നോടിയായി കുര്‍ദിസ്താന്‍ മേഖലയിലെ വിമാനത്താവളങ്ങളുടെയും അതിര്‍ത്തി പോസ്റ്റുകളുടെയും നിയന്ത്രണം ഇറാഖ് ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്.
കുര്‍ദിസ്താനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കാന്‍ വിദേശ രാജ്യങ്ങളോടും ഇറാഖ് ഭരണകൂടം ആവശ്യപ്പെട്ടു. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ലെന്നും വേറിട്ടുപോകാന്‍ തീരുമാനിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മുന്നറിയിപ്പുനല്‍കി. ഹിതപരിശോധന ഫലം അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്വന്തം ഭാവി ജനാധിപത്യ രീതിയില്‍ തീരുമാനിക്കാന്‍ കുര്‍ദിഷ് ജനതയോട് ആവശ്യപ്പെടുന്നത് തെറ്റാണോ എന്ന് കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി ചോദിച്ചു. രാവിലെ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. മേഖലയില്‍ 2,065 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളെല്ലാം ഹിതപരിശോധനയില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തം അതിര്‍ത്തിയിലെയും കുര്‍ദുകള്‍ ഈ രീതിയില്‍ വേറിട്ടുപോകാന്‍ ആവശ്യപ്പെടുമോ എന്നാണ് അവരുടെ പേടി. എണ്ണ കയറ്റുമതി തടയുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കുര്‍ദിഷ് മേഖലയുമായുള്ള അതിര്‍ത്തി ഇറാന്‍ അടച്ചു. കുര്‍ദിസ്താനിലെ വിമാനത്താവളങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഇറാന്‍ വിലക്കേര്‍പ്പെടുത്തി.

SHARE