സാമൂഹിക നീതി ഉയര്‍ത്തി രാജ്യവ്യാപക പ്രചാരണം ശക്തിപ്പെടുത്തും: കുഞ്ഞാലിക്കുട്ടി

റാഞ്ചി: ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളെത്തിയത് ആവേശമായി. ദളിത് ആദിവാസി ന്യൂനപക്ഷ ചേരിയുടെ മുന്നേറ്റമായ സമ്മേളനങ്ങള്‍ ജാര്‍ഖണ്ഡിലെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആറു മണ്ഡലങ്ങളില്‍ ശക്തമായ മത്സര രംഗത്തുള്ള മുസ്്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ നൂറുക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഉള്ളിടത്തോളം പൗരന്മാരെ ഭയപ്പെടുത്തി ഭരിക്കാന്‍ ആര്‍ക്കുമാവില്ലെന്നും ഇന്ത്യ ഒട്ടാകെ നടത്തുമെന്നും , ജാര്‍ഖണ്ഡില്‍ ഇപ്രാവശ്യം മികച്ച വിജയം നേടുമെന്നും ദേശീയ ജന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. റാഞ്ചി ജില്ലയിലെ ഹാത്തിയ മണ്ഡലത്തിലെ സിംലിയ ഹാജി ചൗക്കിലെ മുസ്്‌ലിം ലീഗ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്്‌ലിംകളെ മാത്രം മാറ്റി നിര്‍ത്തിയുള്ള പൗരത്വവും ദളിതുകളെയും ആദിവാസികളെയും പ്രാന്തവല്‍ക്കരിക്കുന്ന നിയമ നിര്‍മ്മാണങ്ങളുമെല്ലാമായി വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് സംഘപരിവാറും കേന്ദ്ര സര്‍്ക്കാറും കൈകൊള്ളുന്നത്. ദളിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ഐക്യത്തിലൂടെ അത്തരം ദുഷ്ടലാക്കുകള്‍ മറികടക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ് ലിം ലീഗ് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് സമതി ചെയര്‍മാനും കേരള സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി ബാവഹാജി അധ്യക്ഷത വഹിച്ചു.
ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കോയ തിരുന്നാവായ, എം.എസ് അലാവി, ദളിത് ആദിവാസി നേതാക്കളായ ഷിബു ഗായ്, നവീന്‍ ജെ, സ്ഥാനാര്‍ത്ഥികളായ അബ്ദുല്‍ഖയ്യൂം അന്‍സാരി, അഷ്‌റഫ് ഹുസൈന്‍ ഗുമിയ, നുഹ്ദ് റാസി ജാര്‍മുണ്ടി, അബ്ദുല്ല അസര്‍ അന്‍സാരി ഹാത്തിയ സംസാരിച്ചു. ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ സ്വാഗതവും ജാര്‍ഖണ്ഡ് സംസ്ഥാന സെക്രട്ടറി സാജിദ് ആലം നന്ദിയും പറഞ്ഞു.

SHARE