കരിപ്പൂര്‍ വിമാനത്താവള വികസനം: പ്രധാനമന്ത്രിയെ കാണുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചര്‍ച്ച നടത്തുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളന സമയത്ത് ഇതിന് അവസരം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയമായും നിയമപരമായും കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി ഏതറ്റംവരെയും പോകും.
ചക്കയേത് മാങ്ങയേത് എന്ന് തിരിച്ചറിയാത്തവരാണ് വിമാനത്താവള വിഷയത്തില്‍ തനിക്കും മുസ്‌ലിംലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം സ്ഥാപിക്കാന്‍ ഒട്ടേറെ ത്യാഗം സഹിച്ച് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗും ജനപ്രതിനിധികളും. കേന്ദ്ര-സംസ്ഥാന ഫണ്ട് ലഭിക്കാതെ വിമാനത്താവളം തുടങ്ങാനാവാതെ വിഷമിച്ചഘട്ടത്തില്‍ വിദേശത്തുള്‍പ്പെടെ പിരിവ് നടത്തിയതിനും മഡാക്ക് രൂപീകരിക്കുന്നതിനുമെല്ലാം മുന്നില്‍ നിന്നത് ആരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം.
പൊതുമേഖലയിലുള്ള കരിപ്പൂരിന്റെ സംരക്ഷണവും വളര്‍ച്ചയുമാണ് പ്രഥമം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ല. എയര്‍പോര്‍ട്ട് ഡയറക്ടറുമായി അടിക്കടി ബന്ധപ്പെടുന്നുണ്ട്. എയര്‍പോര്‍ട്ട് വികസന കമ്മിറ്റി ചേര്‍ന്ന് കൂട്ടായ നീക്കവുമായി മുന്നോട്ടു പോകുന്നു. വ്യോമയാന മന്ത്രിയുമായും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുപമായും ചര്‍ച്ചകള്‍ നടത്തി. രാജ്യത്ത് ഏറ്റവുമധികം പ്രവാസികള്‍ ആശ്രയിക്കുന്ന ലാഭത്തിലുള്ള പൊതുമേഖല സംരംഭമായ കരിപ്പൂരിന്റെ വളര്‍ച്ചക്ക് പ്രധാനമന്ത്രിയെയും കാണും. കേരളത്തിലെ എം.പിമാരെയും അണിനിരത്തി എല്ലാതലത്തിലും ശ്രമം തുടരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

SHARE