‘കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം’;കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണം. അതിന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കിട്ടുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കളോട് അമിത്ഷാ പൊട്ടിത്തെറിച്ചിരുന്നു. കേരളത്തില്‍ പാര്‍ട്ടി വിജയിച്ച് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്നായിരുന്നു അമിത്ഷായുടെ ഭീഷണി. ഇതിനോടുള്ള പ്രതികരണം കൂടിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടേത്. സോണിയ ഗാന്ധി വിളിച്ച യോഗം ബി.ജെ.പിയ്ക്ക് ബദല്‍ ഉയരുമെന്ന പ്രതീക്ഷയുണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

നാട്ടില്‍ വര്‍ഗീയത പടര്‍ത്താനാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും പറഞ്ഞു. അമിത് ഷാ സന്ദര്‍ശനം നടത്തിയ പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. എന്നാല്‍ വര്‍ഗീയത പടര്‍ത്താനുള്ള ബിജെപിയുടെ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കാമെന്നാണ് അമിത് ഷായുടെ കണക്കു കൂട്ടല്‍. ബിജെപിയുടെ ഗൂഢതന്ത്രം കേരളത്തില്‍ ഫലവത്താകില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

SHARE