‘മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന രീതിയില്‍ സംസാരിച്ചു’ ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്ന് കുഞ്ചാക്കോ ബോബന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍. നേരത്തേ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി നടന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലെ വിസ്താരവേളയിലും ആവര്‍ത്തിച്ചു. ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ
‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ നിന്ന് നായകനായ താന്‍ പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് പറഞ്ഞിരുന്നുവെന്ന് കോടതിയിലും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ പിന്മാറാന്‍ തയ്യാറായില്ലെന്നും നടന്‍ മൊഴി നല്‍കി. നേരത്തേ രണ്ട് തവണ ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ വിചാരണ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നേരിട്ട് ഹാജരായതോടെ വാറന്റ് പിന്‍വലിച്ചിട്ടുണ്ട്.

2017 ഡിസംബറില്‍ കുഞ്ചാക്കോ ബോബന്‍ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ. 20 വര്‍ഷത്തോളമായി നടനായും നിര്‍മ്മാതാവായും താന്‍ മലയാള സിനിമയിലുണ്ട്. സിനിമാ സംഘടനകളുടെ തലപ്പത്തുളള, ഈ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമുളള വ്യക്തിയാണ് തന്റെ സുഹൃത്തുകൂടിയായ ദിലീപ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന തന്നെ മാറ്റി അപ്രതീക്ഷിതമായാണ് ദിലീപ് ആ സ്ഥാനം ഏറ്റെടുത്തത്. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യര്‍ ഒരിടവേളക്ക് ശേഷം അഭിനയിച്ച ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തില്‍ താനായിരുന്നു നായകന്‍. അവര്‍ മോഹന്‍ലാലിന്റെ നായികയായി തിരിച്ചെത്തുന്നുവെന്നായിരുന്നു ആദ്യം അറിഞ്ഞത്.ആ ചിത്രം നടന്നില്ല. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസാണ് തന്നെ നായകനാക്കിയത്. താന്‍ അഭിനയിക്കുന്ന സിനിമകളില്‍ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. അക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയാറില്ല.

ഒരു ദിവസം രാത്രി ദിലീപ് വിളിച്ചിരുന്നു. ആ സിനിമയെപ്പറ്റി ചോദിച്ചു. അതില്‍ അഭിനയിക്കരുത് എന്ന ധ്വനിയോടെ സംസാരിച്ചു. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനാണ് താന്‍ ഡേറ്റ് കൊടുത്തതെന്ന് മറുപടി നല്‍കി. മഞ്ജുവാര്യരുടെ പടം എന്ന രീതിയില്‍ സിനിമയെ കണ്ടിട്ടില്ലെന്നും പറഞ്ഞു. അഭിനയിക്കരുതെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും സൗഹൃദത്തിന്റെ പേരില്‍ അങ്ങനെ ചെയ്യാം. പക്ഷേ ദിലീപ് അങ്ങനെ ആവശ്യപ്പെടണമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ദിലീപ് തയ്യാറായില്ല. താന്‍ സ്വയം പിന്‍മാറണമെന്ന രീതിയിലാണ് ദിലീപ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. കസിന്‍സ് എന്ന ചിത്രത്തില്‍ നിന്നും മഞ്ജു വാര്യരെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴി നല്‍കി. കേസില്‍ നടി ബിന്ദു പണിക്കരും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വിചാരണാവേളയില്‍ കൂറുമായിരുന്നു. ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ 36 പേരെ വിസ്തരിച്ചു.