ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി; മന്ത്രി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടിയുടെ കിടിലന്‍ ട്രോള്‍


കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ വൈറലായ ഓഡിയോ സന്ദേശത്തെ ട്രോളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഒരു മന്ത്രി ചോദിച്ചീലെ, ന്റൊരു നാലാള്ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി, കെ.എം.സി.സിയുടെ ഫ്ളൈറ്റ് കിട്ടോന്ന്…എന്ന സംസാരത്തെയാണ് കുഞ്ഞാലിക്കുട്ടി പരിഹസിച്ചത്. മന്ത്രി കെ.ടി ജലീലും ഗള്‍ഫിലുള്ള ശ്രീജിത്ത് എന്നയാളും ഫോണില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യം പ്രതിപാദിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ട്രോള്‍.

പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നടത്തിയ ഏകദിന സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പ്രവാസികളെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തങ്ങളാണ് ഭരണത്തിലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വെറുതെ ഇരിക്കുകയാണ്. സാമൂഹ്യ വ്യാപനമെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കുന്നു. ലോകത്ത് നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യവും പ്രതിപാദിക്കുന്നത്. പ്രവാസി മലയാളിയോട് ഫോണില്‍ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യമന്വേഷിച്ച മന്ത്രി ജലീലിന്റെ നടപടിക്കെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതില്‍ ട്രോളുകളും ഇറങ്ങിയിരുന്നു.

SHARE