‘ഇതാണ് കരുതല്‍’; രക്തദാനത്തിന് എത്തിയവരെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍

കൊച്ചി: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. വിവിധ ആശുപത്രികളില്‍ രക്തദാനത്തിന് സന്നദ്ധരായി അര്‍ധരാത്രിയും വരിനിന്ന മനുഷ്യരെ അഭിനന്ദിക്കുകയാണ് താരം.

‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അര്‍ദ്ധരാത്രിയിലും വിമാന ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്ന പ്രിയപ്പെട്ടവര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂവിലാണ്…. ഇതാണ് കരുതല്‍….’, ചിത്രത്തിനൊപ്പം ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ആവശ്യമുള്ള രക്തഗ്രൂപ്പുകളുടെ വിവരങ്ങളും കോവിഡ് പശ്ചാത്തലത്തില്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളും വിവരിച്ച് കോഴിക്കോട് കളക്ടര്‍ രാത്രി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

നാടിന്റെ കരുതലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന് പുറത്തുവന്നിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഇതിനെ പ്രശംസിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപകടത്തില്‍ 19 പേരാണ് മരിച്ചത്.

SHARE