പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം: കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേശീയഗാനം മാവോയിസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാക്കളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടിയിലായ ആളുകള്‍ക്ക് ഇത്തരം ബന്ധമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പൊലീസാണ്. എന്നാല്‍ ഇങ്ങനെ പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി പിണറായ വിജയന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും കുമ്മനം പറഞ്ഞു.

മാവോയ്‌സ്റ്റ് ബന്ധം തെളിയിക്കും മുന്‍പ് തന്നെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമമെന്നും തനിക്കെതിരെ തിരിഞ്ഞ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.