ഒടുവില്‍ കുമ്മനം പ്രതികരിച്ചു; കേന്ദ്ര ഭരണത്തിന്റെ തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരുന്നു എന്നത് വാസ്തതുയാണ്

തിരുവനന്തപുരം: ബി.ജെ.പി കേരള ഘടകത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ ഇത് വരെ മാധ്യമങ്ങളെ കാണുകയോ വിശദീകരണം നല്‍കുകയോ ചെയ്യാത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കു്മ്മനം രാജശേഖരന്‍ ഒടുവില്‍ പ്രതികരിച്ചു.

കേന്ദ്രഭരണത്തിന്റെയും ബിജെപിയെന്ന വടവൃക്ഷത്തിന്റേയും തണലില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നുവരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണെന്നും അത് ശ്രദ്ധയില്‍പെട്ടപ്പോള്‍തന്നെ പിഴുതെറിഞ്ഞെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങളില്‍ ഒരാഴ്ചയായി ബിജെപിയെപ്പറ്റി വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണെന്നും കുമ്മനം രാജശേഖരന്‍. ആശുപത്രിക്കിടക്കയില്‍നിന്നു പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തിലാണു മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ടുള്ള സമീപകാല വിവാദങ്ങളെപ്പറ്റി കുമ്മനം ആദ്യമായി വിശദീകരിക്കുന്നത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അഴിമതിയല്ല. കേന്ദ്ര സര്‍ക്കാരിനോടോ ബിജെപിയോടോ ഇതിനു ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. ആരോപണവിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതുഖജനാവിനു നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേരു ദുരുപയോഗം ചെയ്തു എന്നതാണു സംഭവിച്ചത

ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയിലുണ്ടെന്നു ശ്രദ്ധയില്‍പെട്ടാല്‍ അവയെയും ഇല്ലാതാക്കുമെന്നു കുമ്മനം പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവത്തിന്റെ ചുവടുപിടിച്ചു ബിജെപി കേരളാഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നു പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണമെന്നും കുമ്മനം ഓര്‍മ്മിപ്പിക്കുന്നു.

എല്ലാ പുഴുക്കുത്തുകളേയും അകറ്റി അഗ്‌നിയില്‍ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ടുപോകാന്‍ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. വ്യാജപ്രചരണം നടത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയാന്‍ നമുക്കാവണമെന്നും പറഞ്ഞാണു നീണ്ട കത്ത് കുമ്മനം അവസാനിപ്പിക്കുന്നത്.

സ്വന്തം പാര്‍ട്ടി നേതാക്കളുടെ നാറുന്ന അഴിമതി കഥകള്‍ മറച്ചുവെച്ചു നമുക്കെതിരെ അവര്‍ തിരിയുന്നതു ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്. കോടതികളും അന്വേഷണ ഏജന്‍സികളും കുറ്റക്കാരാണെന്നു പറഞ്ഞിട്ടും പാര്‍ട്ടിക്കോടതി കുറ്റവിമുക്തരാക്കിയെന്നും മനഃസാക്ഷിക്കുമുന്നില്‍ കുറ്റക്കാരല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണു ബിജെപിക്ക് നേരെ വാളെടുക്കുന്നത്.

SHARE