കൊച്ചി മെട്രോയിലെ യാത്ര അറിവോടെ; സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കുമ്മനം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത വിവാദത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റിന് പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നും കുമ്മനം ചോദിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ തനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുവാദമുണ്ടായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തത്. എന്നാല്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉള്‍പ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നാല്‍ കടകംപള്ളിയുടെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.

പ്രധാനമന്ത്രിയുള്ളിടത്തേക്ക് വെറുതെ ഒരാള്‍ക്ക് കടക്കാന്‍ സാധിക്കില്ല. എന്നാല്‍ തനിക്ക് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ അനുവാദമുണ്ടെന്ന് എസ്പിജിയും പോലീസും അടക്കമുള്ളവര്‍ അറിയിച്ചിരുന്നു. ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നല്ലേ അര്‍ത്ഥം. അങ്ങനെ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും കുമ്മനം പറഞ്ഞു. എന്റെ പേരുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതിയല്ലോ. എന്റെ പേരുള്ളതുകൊണ്ടാണ് പോയത്. കേരള സര്‍ക്കാരിന്റെ വണ്ടിയിലാണ് ഞാന്‍ യാത്ര ചെയ്തതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.