കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമെന്ന് കുമ്മനം

തിരുവന്തപുരം: ഇന്ത്യന്‍ സൈനികരെ അപമാനിച്ച കൊടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

കന്നുകാലികളെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത പ്രതിഷേധിച്ച സംഭവത്തിലും കുമ്മനം പ്രതികരിച്ചു. പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

അതേസമയം, പട്ടാളത്തിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കൊടിയേരി ആവര്‍ത്തിച്ചു. തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും ഇന്ത്യന്‍ പട്ടാളത്തെയല്ല, പട്ടാള നിയമം അടിച്ചേല്‍പ്പിക്കുന്നതിനെയാണു വിമര്‍ശിച്ചതെന്നും കൊടിയേരി വ്യക്തമാക്കി. കണ്ണൂരില്‍ പട്ടാളത്തിനു പരമാധി പരമാധികാരം നല്‍കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബീഫ് വിഷയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണു കേന്ദ്രം തീരുമാനമെടുത്തത്. അതിനാല്‍ തന്നെ വിഷയത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.