സഖ്യ സര്‍ക്കാരില്‍ സംതൃപ്തി; കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സഖ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രിസഭാ വികസനം വേഗത്തില്‍ നടപ്പാക്കണമെന്നും രാഹുലിനോട് അഭ്യര്‍ത്ഥിച്ചതായി കുമാരസ്വാമി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ ഉടന്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്- ജെ.ഡി.എസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേരാനിരിക്കെയാണ് കുമാരസ്വാമിയുടെ ഡല്‍ഹി സന്ദര്‍ശനം. നിലവില്‍ കോണ്‍ഗ്രസില്‍ നിന്ന് 16 പേരും മുഖ്യമന്ത്രി ഉള്‍പ്പെടെ ഡെ.ഡി.എസില്‍ നിന്ന് 10 പേരുമാണ് മന്ത്രിസഭയിലുള്ളത്. നാല് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് തീരുമാനം. ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസിനും ന്ന് ജെ.ഡി.എസിനും ലഭിക്കും.

വീണ്ടും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മുതിര്‍ന്ന നേതാവാണെന്നും അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി.

എല്ലാ രാഷട്രീയ നേതാക്കളും മുഖ്യമന്ത്രി എന്ന പതം ആഗ്രഹിക്കുന്നുണ്ട്. ആര്‍ക്കും ഒരു മുഖ്യമന്ത്രിയാകാം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യക്കും അതാവാം. അങ്ങനെ ഒരു ആഗ്രഹം ഇല്ലാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ വളരുക പ്രയാസമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.