കുമാരസ്വാമി മന്ത്രിസഭയില്‍ 33 അംഗങ്ങള്‍; ജെ.ഡി.എസ്-കോണ്‍ഗ്രസ് ധാരണ ഇങ്ങനെ

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്തി പുതിയ മന്ത്രിസഭാ രൂപീകരണത്തിന് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയായി. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് 20 മന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. എന്നാല്‍ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.

ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിനായിരിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നാണ് വിവരം. അതേസമയം മറ്റു വകുപ്പുകളെക്കുറിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നു ചേരുന്നുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ മുഖ്യപരിഗണന ലഭിക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് മലയാളികളായ കെ.ജെ ജോര്‍ജ്ജിനും യു.ടി ഖാദറിനും ഈ മന്ത്രിസഭയില്‍ പദവി ലഭിക്കുമെന്നാണ് കരുതുന്നത്.

പ്രധാന വകുപ്പുകള്‍ ലഭിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ മാത്രമായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. വിശ്വാസവോട്ടെടുപ്പിനു ശേഷം മന്ത്രിസഭാ വിപുലീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നതെങ്കിലും നാളെ രാജീവ്ഗാന്ധി ചരമദിനമായതിനാല്‍ ഇത് പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെ.ഡി.എസും പരസ്പര സഹകരണത്തോടെ മത്സരിക്കും.

ജയാനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡിയെ ജെ.ഡി.എസ് പിന്തുണക്കും. അതേസമയം ആര്‍.ആര്‍ നഗറില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി രാമചന്ദ്ര കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കും.