കൂടംകുളം ആണവനിലയത്തിലെ ഒന്നാം യൂണിറ്റ് ഉല്‍പാദനം പുനരാരംഭിച്ചു

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കലിനുമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കൂടംകുളം ആണവവൈദ്യുതി നിലയത്തിലെ ഒന്നാം യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിച്ചു. ആയിരം മെഗാവാട്ട് ശേഷിയുള്ള സമ്മര്‍ദജല റിയാക്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ യൂണിറ്റില്‍ സമ്പുഷ്ട യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഓരോ 7000 മണിക്കൂറിന് ശേഷവും ഇന്ധനം മാറ്റേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് ഇക്കൊല്ലം ഏപ്രില്‍ 13 ന് ഈ യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. ഒന്നാം യൂണിറ്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ധനം മാറ്റി നിറയ്ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഇന്ധനം നിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും നിര്‍ണായക പരിശോധനകള്‍ നടത്തേണ്ടിയിരുന്നതിനാലാണ് ഉല്‍പാദനം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഉല്‍പാദനം തുടങ്ങിയതോടെ യൂണിറ്റ് ദക്ഷിണ ഗ്രിഡുമായി സംയോജിപ്പിച്ച് വൈദ്യുതി വിതരണം തുടങ്ങി. നിലവില്‍ 300 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കൂടംകുളത്തെ രണ്ടാം യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഉല്‍പ്പാദനം നിറുത്തിവെച്ചിരിക്കുകയാണ്. ഈ രണ്ട് യൂണിറ്റുകളില്‍ നിന്നും ഇതുവരെ 18,758 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. റഷ്യന്‍ സഹകരണത്തോടെയാണ് കൂടംകുളം ആണവനിലയം സ്ഥാപിച്ചത്. ആണവോര്‍ജത്തിനുള്ള ആണവ ഇന്ധനവും റഷ്യ തന്നെയാണ് ലഭ്യമാക്കുന്നത്. ആയിരം മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള രണ്ട് യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറായിട്ടുണ്ട്.
1000 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുളള രണ്ട് റഷ്യന്‍ നിര്‍മ്മിത ആണവറിയാക്ടറുകളാണ് ഇപ്പോള്‍ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുളള ആണവനിലയമായ കൂടംകുളം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുതി പദ്ധതിയാണ്. നിലയത്തിലെ ആദ്യ റിയാക്ടര്‍ 2013ലായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്.

SHARE