ചട്ടവും നിയമവും ലംഘിച്ച് സര്‍വകലാശാലകളില്‍ മന്ത്രി ജലീലിന്റെ കൂടുതല്‍ കൈകടത്തലുകള്‍; തെളിവുകള്‍ പുറത്ത്

കോട്ടയം: കേരളത്തിലെ സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തുന്നത് കടുത്ത നിയമ ലംഘനങ്ങള്‍. ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി പ്രൈവറ്റ് സെക്രട്ടറി വൈസ് ചാന്‍സലര്‍മാരോടും അദാലത്ത് നടത്താന്‍ നേരിട്ട് ഉത്തരവിട്ടു.സര്‍വകലാശാല ചരിത്രത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത നടപടികള്‍ക്ക് വൈസ് ചാന്‍സിലര്‍മാരും കൂട്ട് നില്‍ക്കുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചു.

സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെടി ജലീല്‍ ഇടപെടുന്നു എന്നതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു.അദാലത്ത് നടത്താന്‍ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയതിന് പിന്നാലെ സര്‍വകലാശാല വിസിമാര്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്‍കി. സ്വയം ഭരണാധികാരമുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്ക് ചാന്‍സലറായ ഗവര്‍ണ്ണര്‍ മാത്രമാണ് മേലധികാരി. എന്നാലിവിടെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമം കൈയിലെടുത്ത് ഉത്തരവുകള്‍ നല്‍കുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കെ ഷറഫുദ്ദീന്‍ മന്ത്രി കെടി ജലീലിന്റെ ഓഫീസില്‍ നിന്ന് തയ്യാറാക്കിയ ഉത്തരവ് കേരളത്തിലെ സര്‍വകലാശാല വിസിമാര്‍ക്ക് നല്‍കുന്നത്. ഇതിലും മന്ത്രിയെ ഫയലുകള്‍ കാണിക്കണമെന്നും മന്ത്രി ഇടപെടേണ്ട ഫയലുകള്‍ മാറ്റി വെക്കണമെന്നും ആവശ്യപ്പെടുന്നു. ഈ ഉത്തരവ് കിട്ടിയതോടെ സര്‍വകലാശാല വി.സിമാര്‍ ഉത്തരവ് അതേപടി അനുസരിച്ച് സര്‍ക്കുലര്‍ ഇറക്കി.

സാധാരണ സര്‍വകലാശാല രജിസ്ട്രാര്‍മാരാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ ഇറക്കേണ്ടതെങ്കിലും ഇക്കാര്യത്തില്‍ വി.സിമാര്‍ സ്വയം മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം അനുസരിക്കാന്‍ മുന്നോട്ട് വന്നു. രജിസ്ട്രാര്‍മാര്‍ നിയമലംഘനത്തെ എതിര്‍ത്തതിനാലാണ് വി.സിമാര്‍ സ്വയം ഉത്തരവിറക്കിയതെന്നാണ് സൂചന. മന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയുടെ ഉത്തരവ് ഒരു വൈസ്ചാന്‍സിലര്‍മാരും ചോദ്യം ചെയ്തില്ല എന്നതും സംശയത്തിനിടയാക്കുന്നു.ഈ വിഷയത്തില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാല വിസിമാരെ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല.

SHARE