സ്വപ്‌നയെ ജലീല്‍ വിളിച്ചത് എട്ടു തവണ, ശിവശങ്കറിന്റെ ബന്ധവും വെളിച്ചത്ത്- സര്‍ക്കാര്‍ ഊരാക്കുടുക്കില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും മന്ത്രി കെ.ടി ജലീലിനെയും മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും വിളിച്ചത് പല തവണ. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെയുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

ജൂണ്‍ മാസം മാത്രം ഒമ്പതു തവണ മന്ത്രി കെ.ടി. ജലീലും സ്വപ്‌നയും ഫോണില്‍ സംസാരിച്ചു. മന്ത്രിയുടെ ഫോണില്‍ സ്വപ്‌ന ജൂണ്‍ മാസത്തില്‍ വിളിച്ചത് ഒരു തവണ മാത്രമാണ്. ജൂണ്‍ ഒന്നിന്. എന്നാല്‍ എട്ടു പ്രാവശ്യം മന്ത്രിയാണ് സ്വപ്‌നയെ വിളിച്ചത്. ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നസീറുമായും സ്വപ്‌ന സംസാരിച്ചിട്ടുണ്ട്.

സ്വപ്ന വിളിച്ചത് റമസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഭക്ഷണവിതരണ കിറ്റിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ് ജലീല്‍ വിശദീകരിച്ചു. സ്വപ്‌നയെ വിളിച്ചത് യുഎഇ കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരമാണ്. ഔദ്യോഗിക ആവശ്യത്തിനായിരുന്നു വിളിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ;

ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 1.27ന് 98 സെക്കന്‍ഡ് സംസാരിച്ചു. രണ്ടാം തിയ്യതി വൈകിട്ട് 4 മണിക്കുള്ള സംഭാഷണം 64 സെക്കന്‍ഡ് നീണ്ടു. ജൂണ്‍ അഞ്ചാം തിയ്യതി ഉച്ചയ്ക്ക് 1.59ന് 89 സെക്കന്‍ഡ് സംസാരിച്ചു. ജൂണ്‍ എട്ടാം തിയ്യതി ഉച്ചയ്ക്ക് 1.9ന് 105 സെക്കന്‍ഡ് സംസാരിച്ചു. ജൂണ്‍ 16ന് വൈകിട്ട് 7.59ന് 79 സെക്കന്‍ഡ് സംസാരിച്ചു. ജൂണ്‍ 23ന് രാവിലെ 10.13ന് സംസാരിച്ചു. അധികസമയം സംസാരിച്ചില്ല. ആ സമയം സ്വപ്ന എസ്എംഎസ് അയച്ചു. 10.15ന് 54 സെക്കന്‍ഡ് സംസാരിച്ചു. ജൂണ്‍ 24ന് രാവിലെ 9.50ന് 84 സെക്കന്‍ഡ് സംസാരിച്ചു.

കേസിലെ മുഖ്യപ്രതി സരിത്ത് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. അഞ്ച് തവണ ശിവശങ്കര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഫോണ്‍കോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുന്‍പും ഇരുവരും തമ്മില്‍ സംസാരിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടുന്നതിന് മുന്‍പ് ജൂണ്‍ 24നും 26നും സ്വര്‍ണം വന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളില്‍ സരിത്തും സ്വപ്നയും യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചിട്ടുണ്ട്.