നയതന്ത്ര പാഴ്സലില്‍ മതഗ്രന്ഥമെത്തിയതിന്റെ വിശദാംശം ആരാഞ്ഞ് എന്‍ഐഎ വീണ്ടും സെക്രട്ടേറിയറ്റില്‍. പ്രോട്ടോക്കോള്‍ ഓഫിസറോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.
അതേസമയം, യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് നല്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകളടക്കം വന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ അറിയിക്കണം. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബി.എസ്.എന്‍.എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചു.
മന്ത്രി കെ.ടി.ജലീല്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നതാണ് മതഗ്രന്ഥത്തിന്റെ വിതരണം. മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി.ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തല്‍. ഇതിലാണ് പ്രോട്ടോക്കോള്‍ ഓഫിസറോട് വിശദീകരണം തേടിയത്. ഡിപ്ലോമാറ്റിക് ബാഗ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യാന്‍ കസ്റ്റംസിനു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ല.
സംസ്ഥാനം അനുമതി നല്‍കിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനാണ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സമന്‍സ് നല്‍കിയത്. രണ്ടു വര്‍ഷത്തിനിടയില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകള്‍ വന്നിട്ടുണ്ടെന്നും , ഇതിന്റെ രേഖകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നയതന്ത്ര ബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്കണമെങ്കില് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ഡിപ്ലോമാറ്റിക് ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന കോണ്‍സലേറ്റിന്റെ റിപ്പോര്‍ട്ടില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ ഒപ്പിട്ടാല്‍ മാത്രമേ കസ്റ്റംസിനു ബാഗ് വിട്ടു നല്കാന് കഴിയുകയുള്ളു. ഇതിനായി പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്. നേരത്തെ സി.ആപ്ടില്‍ റെയ്ഡ് നടത്തിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.