‘എന്നെ പറഞ്ഞോളൂ..ഖുര്‍ആനെ പറയരുത്’; മോദി സ്‌റ്റൈലില്‍ പുതിയ അടവുമായി കെ.ടി ജലീല്‍

കോഴിക്കോട്: തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഖുര്‍ആനും ഹദീസും ഉപയോഗിച്ച് മതവികാരമുണര്‍ത്തി രക്ഷപ്പെടുന്ന പതിവ് ശൈലി ആവര്‍ത്തിച്ച് മന്ത്രി കെ.ടി ജലീല്‍. സ്വര്‍ണക്കടത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്ന പേരില്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മോദി മാതൃകയില്‍ മതവികാരമുണ്ടാക്കി രക്ഷപ്പെടാന്‍ മന്ത്രി ശ്രമിക്കുന്നത്. തനിക്കെതിരെ ആരോപണമുന്നയിച്ച യുഡിഎഫിനെയും ബിജെപിയേയും കൂട്ടിക്കെട്ടി വിഷയത്തെ വഴിതിരിച്ചുവിടാനും മന്ത്രി ശ്രമിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഒരു മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണം, വിദേശസഹായം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വരുത്തിയ വീഴ്ച തുടങ്ങിയവയാണ് മന്ത്രിക്കെതിരെ യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍. ഇതിനൊന്നും കൃത്യമായി മറുപടി പറയാന്‍ മന്ത്രി തയ്യാറായിട്ടില്ല. മറിച്ച് സക്കാത്ത്, ഖുര്‍ആന്‍ തുടങ്ങി മുസ്‌ലിങ്ങള്‍ വിശ്വാസപരമായി വിശുദ്ധമായി കാണുന്ന കാര്യങ്ങളെ മനപ്പൂര്‍വ്വം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കിടയിലേക്ക് വലിച്ചിട്ട് മതവികാരമുണ്ടാക്കി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്.

SHARE