സ്വന്തം മുഖം മിനുക്കാന്‍ പുതിയ കള്ളവുമായി മന്ത്രി കെ.ടി ജലീല്‍

കോഴിക്കോട്: സ്വന്തം മുഖം മിനുക്കാനുള്ള പുതിയ കള്ളവുമായി മന്ത്രി കെ.ടി ജലീല്‍. ഗള്‍ഫ് പ്രവാസികള്‍ക്ക് വിമാനം കയറാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് പുതിയ ന്യായം. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവനിറക്കിയ വിവാദ ഉത്തരവില്‍ ഗള്‍ഫ് നാടുകളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് മാത്രമാണ് നിബന്ധന എന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

കോവിഡ് പരിശോധന ഗള്‍ഫ് നാടുകളില്‍നിന്ന് വരുന്ന പ്രവാസികള്‍ക്ക് മാത്രമാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നും അങ്ങനെയുണ്ടെങ്കില്‍ അത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തു നോക്കി ഈ വിവാദ ഉത്തരവിനെ ന്യായീകരിക്കാനാവാതെയാണ് മന്ത്രി ഉരുണ്ടുകളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന പരിഹാസം. ഇത്രനാള്‍ ചര്‍ച്ചയായിട്ടും ഒരു സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് കേരളം ഭരിക്കുന്ന ഒരു മന്ത്രി അറിയില്ല എന്നു പറഞ്ഞത് പച്ചക്കള്ളമാണെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

SHARE