എല്‍.ഡി.എഫിന് തലവേദനയായി കെ.ടി ജലീല്‍ മുഖ്യമന്ത്രിക്ക് ഇനി മൗനം പാലിക്കാനാവില്ല

സര്‍ക്കാരിനും സി.പി.എമ്മിനും തലവേദനയായി മന്ത്രി കെ.ടി ജലീല്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് രാജ്ഭവന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലും ഗവര്‍ണര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവുമാണ് സി.പി.എമ്മിന് ജലീല്‍ വിനയാകുന്നത്. തുടക്കം മുതല്‍ ജലീലിന്റെ വകുപ്പുകള്‍ വിവാദത്തിലായതില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ജലീലിന് ചുമതലയുള്ള വകുപ്പുകളില്‍ നിത്യസംഭവമായതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരുന്നു. ബന്ധുനിയമനവും മാര്‍ക്ക് ദാനവും ഉള്‍പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിമാരും സി.പി.എം നേതാക്കളും ജലീലിനെ പിന്തുണച്ചിരുന്നെങ്കിലും ഗവര്‍ണറുടെ ഭാഗത്തുനിന്ന് സര്‍ക്കാരിനെ താക്കീത് ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് മുന്നണി നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നു.
സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായയെ ആരോപണങ്ങള്‍ ബാധിച്ചതോടെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ തങ്ങളുടെ അനിഷ്ടം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. മാര്‍ക്ക് ദാന സംഭവത്തില്‍ മന്ത്രി ജലീലിന് ജാഗ്രത കുറവുണ്ടായോ എന്ന് പരിശോധിക്കേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പ്രതികരിച്ചത് മുന്നണിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതാണ്. പാര്‍ട്ടി സഹയാത്രികരായ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണരും പരസ്യമായി തന്നെ എതിര്‍പ്പ് വെളിപ്പെടുത്തിയതോടെ വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. മാര്‍ക്ക് ദാന വിവാദം ഉള്‍പ്പെടെ പത്തോളം ആരോപണങ്ങളാണ് മന്ത്രി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ ഉന്നത വിദ്യാഭ്യസരംഗത്തുണ്ടായ വിവാദങ്ങളില്‍ ഇനി മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഏറ്റവും ശക്തമായി ആക്രമിച്ചത് ജലീലിനെയും ഉന്നതവിദ്യാഭ്യാസ വകുപ്പിനെയുമായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കിയില്ല. ഇതിനിടെ ജലീല്‍ തന്റെ ചെയ്തികളെ നിരന്തരം ന്യായീകരിക്കുകയും ചെയ്തുപോന്നു. സര്‍വകലാശാലകളുടെ കലണ്ടര്‍ മന്ത്രിയുടെ ഓഫീസ് വെട്ടിത്തിരുത്തിയതും കേരള സര്‍വകലാശാലയുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സന്ദര്‍ശിച്ചതും തെറ്റാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തിയിരുന്നു. എന്നാല്‍ ജലീലിനെ പരസ്യമായി തിരുത്താന്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയാറായിരുന്നില്ല. ഇപ്പോള്‍ ഗവര്‍ണര്‍ നേരിട്ട് പ്രതികരണവുമായി എത്തിയ സാഹചര്യത്തില്‍ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

SHARE