തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രി കെ.ടി ജലീലും പരസ്പരം വിളിച്ചത് 16 തവണ. ഇതില്‍ ഒരു കോള്‍ 26 മിനിറ്റ് ദൈര്‍ഘ്യമുള്ളതും. ദേശീയ മാദ്ധ്യമമായ ടൈംസ് നൗ ആണ് സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് എന്ന നിലയില്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഏപ്രില്‍ 12 മുതല്‍ മെയ് 20 വരെ നടന്ന സംഭാഷണങ്ങളാണിത്. ഇതില്‍ മെയ് മാസത്തില്‍ മാത്രം ഒമ്പതു തവണയാണ് ഇരുവരും ഫോണ്‍ വഴി സംഭാഷണം നടത്തിയത്. ഒരു തവണ എസ്.എം.എസ്സും അയച്ചു. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ പക്കലാണ്.
യു.എ.ഇ കോണ്‍സുലേറ്റ് നല്‍കുന്ന റമസാന്‍ കിറ്റുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയെ വിളിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഒരു വിളിയും അസമയത്തായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
യു.എ.ഇ ദേശീയ ദിനാഘോഷത്തിലേക്ക് ക്ഷണിക്കാന്‍ സ്വപ്‌ന ഓഫീസിലേക്കു വന്നിട്ടുണ്ട്. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നും പലവട്ടം വിളിച്ചിട്ടുണ്ടാകാം. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ നാലു വര്‍ഷമായി സ്വപ്‌നയെ അറിയാമെന്നും ജലീല്‍ പറയുന്നു.