പി.ടി.എ റഹീം എം.എല്‍.എയുടെ മകന്റെ അറസ്റ്റ് വിവാദം: പിന്നില്‍ കെ.ടി ജലീല്‍?

കോഴിക്കോട്: പി.ടി.എ റഹീം എം.എല്‍.യുടെ മകന്റെയും മരുമകന്റെയും സൗദിയിലെ അറസ്റ്റ് വിവാദമായതിനു പിന്നില്‍ കെ.ടി ജലീലാണെന്ന് അഭ്യൂഹം. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് വ്യക്തമായതോടെ ജലീലിനെ മാറ്റി റഹീമിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഇടത് മുന്നണിയില്‍ ഉയര്‍ന്നിരുന്നു. റഹീമിനും ഇത് സമ്മതമായിരുന്നു. എല്ലായിപ്പോഴും ജലീലിന് വേണ്ടി വാദിക്കാറുള്ള റഹീം ബന്ധുനിയമന വിവാദത്തില്‍ മൗനം പാലിക്കുകയായിരുന്നു.

റഹീമിനെ മന്ത്രിയാക്കാനുള്ള നീക്കം തടയുന്നതിനു വേണ്ടി ജലീലുമായി ബന്ധപ്പെട്ടവരാണ് വിവാദം കത്തിച്ചതിനു പിന്നിലെന്നാണ് ഇടതുപക്ഷത്തു തന്നെയുള്ള ചിലര്‍ സംശയിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന അറസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാക്കിയത് ജലീല്‍ ക്യാമ്പാണെന്നാണ് പി.ടി.എ റഹീമുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. പി.ടി.എ റഹീം എം.എല്‍.എ കൂടി വിവാദത്തില്‍ അകപ്പെട്ടതോടെ ഇടതുപക്ഷത്തേക്ക് ചേക്കേറിയ സ്വതന്ത്ര എം.എല്‍.എമാരെല്ലാം സി.പി.എമ്മിന് തലവേദന ആയിരിക്കുകയാണ്.

SHARE