മന്ത്രി ജലീല്‍ തലവേദനയാകുന്നു; തള്ളാനും കൊള്ളാനുമാകാതെ സി.പി.എം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണങ്ങളുടെ പരമ്പര തന്നെ ഉയരുന്നത് മുന്നണിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുന്നു. ബന്ധു നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സജീവായി നില്‍ക്കുന്നതിനിടെയാണ് ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദം. ഇത് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് മുന്നണി ഭയക്കുന്നു. യുവ വോട്ടര്‍മാരില്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായാണ് സി.പി.എമ്മും എല്‍.ഡി.എഫും വിലയിരുത്തുന്നത്.
പാര്‍ട്ടിക്കൊപ്പം സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായെയും ആരോപണങ്ങള്‍ ബാധിച്ചതോടെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അനിഷ്ടം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. മാര്‍ക്ക് ദാന സംഭവത്തില്‍ മന്ത്രി ജലീലിന് ജാഗ്രത കുറവുണ്ടായോ എന്ന് പരിശോധിക്കേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിരിച്ചത്. പാര്‍ട്ടി സഹയാത്രികരായ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചഷണരും പരസ്യമായി തന്നെ എതിര്‍പ്പ് വെളിപ്പെടുത്തിതുടങ്ങിയതോടെ വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
മാര്‍ക്ക് ദാന വിവാദം ഉള്‍പ്പെടെ പത്തോളം ആരോപണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ സമാനമായ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നേക്കും. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വിവാദം ആളികത്തുമെന്നും സി.പി.എം ഭയക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ ഉന്നത വിദ്യാഭ്യസരംഗത്തുണ്ടായ സമാനതകളില്ലാത്ത ഈ ഇടപെടല്‍ വരും ദിവസങ്ങളില്‍ രാജ്യത്തിനുപുറത്തുപോലും സജീവ ചര്‍ച്ചയാകുകയും കേരളത്തില്‍നിന്ന് പുത്തേക്കുപോകന്ന അഭ്യസ്ഥവിദ്യരുടെ ഭാവിയെ ബാധിക്കുകയും ചെയ്‌തേക്കും. സര്‍വകലാശാലകളുടെ കലണ്ടര്‍ മന്ത്രിയുടെ ഓഫീസ് വെട്ടിത്തിരുത്തിയതും കേരള സര്‍വകലാശാലയുടെ മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സന്ദര്‍ശിച്ചതും ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയായേക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു.
തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനോ വ്യക്തമായ മറുപടി നല്‍കുന്നതിനോ മന്ത്രിക്കുകഴിയാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ കഴമ്പില്ലാത്ത ആരോപണം ഉന്നയിച്ച് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുംപോലെയായി. എല്‍.ഡി.എഫ് അനുഭാവം പുലര്‍ത്തുന്ന മാധ്യമങ്ങള്‍പോലും ഇത് ഏറ്റുപിടിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല ഉണ്ടയില്ലാ വെടിയെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ കോടിയേരി തന്നെ മന്ത്രിയുടെ ഈ സമീപനത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റി ല്‍ നടന്ന മന്ത്രി സഭാ വികസനത്തിലാണ് ജലീലില്‍നിന്ന് തദ്ദേശം സ്വയം ഭരണ വകുപ്പ് എടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പകരം നല്‍കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സി.പി.എം സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും തുടര്‍ന്ന് സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഉയര്‍ന്ന് അഭിപ്രായങ്ങളും കണക്കിലെടുത്തായിരുന്നു ഈ മാറ്റം. ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണ് ജലീലിന് ആ വകുപ്പ് നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു മാറ്റത്തെകുറിച്ചുള്ള സി.പി.എമ്മിന്റെ വിശദീകരണം.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മന്ത്രി ജലീല്‍ എത്തിയതോടെ തൊട്ടതെല്ലാം കുളമാക്കുകയായിരുന്നു. ജലീല്‍ കൈകാര്യം ചെയ്യുന്ന മറ്റുവകുപ്പുകളിലെ പ്രവര്‍ത്തനങ്ങളിലായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. ബന്ധുനിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍നിന്ന് തടിയൂരാന്‍ നിയമിതനായ ആളെ രാജിവെപ്പിച്ചെങ്കിലും സമൂഹത്തിനുമുന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്കേറ്റ കളങ്കം നിഴലിച്ചുതന്നെ നില്‍ക്കുന്നു.ഇതാണ് സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നതും.

SHARE