ഹലോ ശ്രീജിത്, അവിടെ നിന്ന് ഇനി ചാര്‍ട്ടേര്‍ഡ് വിമാനമുണ്ടോ? പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി മന്ത്രി ജലീല്‍; ട്രോള്‍ മഴ

കോഴിക്കോട്/ തിരുവനന്തപുരം: പ്രവാസി മലയാളിയോട് ഫോണില്‍ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യം തിരക്കിയ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക ട്രോളുകള്‍. സര്‍ക്കാരിന്റെയും മന്ത്രിയുടെയും കഴിവ് കേടാണിതെന്നാണ് ആക്ഷേപം. എന്നാല്‍ തന്റെ നാട്ടുകാരനായ ഒരാളെ ഫോണില്‍ വിളിച്ച കൂട്ടത്തില്‍ കുശലാന്വേഷണം നടത്തിയതാണെന്നാണ് ജലീലിന്റെ തടിയൂരല്‍.

പ്രവാസി മലയാളിയും വളാഞ്ചേരി സ്വദേശിയുമായ ശ്രീജിത്തിനോട് മന്ത്രി കെ ടി ജലീല്‍ നടത്തിയ ഫോണ്‍ സംഭാഷണം ഇങ്ങനെ:

കെ.ടി.ജലീല്‍

ശ്രീജിത്താണോ?

ശ്രീജിത്ത്

അതെ, ശ്രീജിത്താണ്

ഞാന്‍ ജലീലാണ്. കെ.ടി. ജലീലാണ്.

സൗണ്ട് കേട്ടപ്പോള്‍ മനസ്സിലായി

എന്താണ് ശ്രീജിത്തേ, കുഞ്ഞേട്ടന്റെ അവിടെയാണ് വീട്, അല്ലേ?

അതെ. കുഞ്ഞേട്ടന്റെ അവിടെയാണ്

ശ്രീജിത്ത് ഖത്തറില്‍ എവിടെയാണ്?

ഞാന്‍ ഖത്തറില്‍ ദോഹയില്‍ തന്നെയാണ്

ഖത്തറിലെ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നത് ആരൊക്കെയാണ്?

എംബസി മുഖേനയാണ്. എംബസിയും കെഎംസിസിയും ഒക്കെയാണെന്ന് തോന്നുന്നു

അവിടെ ഈ എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ വിഭാഗക്കാര്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ. ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം. നമ്മുടെ നാട്ടുകാരായ ആളുകള്‍ ഉണ്ടെങ്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ്.

ഫോണ്‍ റിക്കോഡ് പുറത്ത് വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും ശക്തമായി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഒന്നും ചെയ്യാനാവില്ലെന്ന് തെളിഞ്ഞതായാണ് ആക്ഷേപം.