കെ.ആര്‍ മീരയ്ക്ക് എം.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം; മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍

കോട്ടയം: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയത് വിവാദത്തില്‍. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് മീരയെ തസ്തികയില്‍ നിയമിച്ചത്. അക്കാദമിക് വിദഗ്ധരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന സര്‍വ്വകലാശാല ആക്ടും സ്റ്റാറ്റിയൂട്ടും മറികടന്നാണ് നിയമനം. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വെട്ടി ഉന്നതവിദ്യഭ്യാസ വകുപ്പിന്റെ ഇടപെടലിലാണ് മീരയെ നിയമിച്ചതെന്നാണ് ആക്ഷേപം. ഇതോടെ വകുപ്പു മന്ത്രി കെ.ടി ജലീല്‍ വീണ്ടും കുരുക്കിലായി.

മലയാളം ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്. രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്‌കരിക്കുക, പരിഷ്‌കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചുമതല. സര്‍വ്വകലാശാല വൈസ്ചാന്‍സിലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണ്ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശുപാര്‍ശ വിസിക്ക് നല്‍കുന്നത്.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും നല്‍കിയ ശുപാര്‍ശയില്‍ കെ ആര്‍ മീരയില്ല. എംജി സര്‍വ്വകലാശാല ഓഗസ്റ്റ്് ആറാം തീയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ ആര്‍ മീര ഒഴിച്ച് ബാക്കി 10 പേരും അസിസ്റ്റന്റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണ്. എന്നാല്‍ ബന്ധപ്പെട്ട ഭാഷകളിലെ വിദഗ്ധരെ അവരുടെ അക്കാദമിക യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ച കീഴ്‌വഴക്കമുണ്ട് എന്നാണ് സര്‍വകലാശാല പറയുന്നത്.

SHARE