ടി.പി വധത്തിന് പിന്നിലാര്? കെ.ടി ജലീലിന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ മുമ്പ് നടന്ന കൊലപാതകങ്ങളില്‍ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴുള്ള നിലപാടുകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇങ്ങനെയൊരു കൊലപാതകം നടത്തുമോയെന്നാണ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്നതിന് സി.പി.എം നേതാക്കള്‍ പറയുന്ന ന്യായം. എന്നാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും ഇതേ ന്യായമാണ് സഖാക്കള്‍ ഉന്നയിച്ചിരുന്നത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് ആണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് എന്ന കെ.ടി ജലീലിന്റെ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇത് സത്യമാണെന്ന് കാലം തെളിയിക്കുമെന്നും ജലീല്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നായിരുന്നു പിന്നീട് തെളിഞ്ഞത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജയിലിലെത്തി ടി.പി വധക്കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തി. പിണറായി അധികാരത്തിലെത്തിയ ശേഷം പ്രതികള്‍ യാതൊരു ഉപാധിയുമില്ലാതെ യഥേഷ്ടം പരോളിലിറങ്ങി പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പെരിയ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ സി.പി.എം നേതാക്കളുടെ മുന്‍ നിലപാടുകളിലെ കാപട്യം വീണ്ടും ചര്‍ച്ചയാവുകയാണ്.

SHARE