ലോക അത്‌ലറ്റിക്‌സ്; കെ.ടി ഇര്‍ഫാന്‍ ഇന്നിറങ്ങും പ്രതീക്ഷയോടെ കേരളം


ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ജിന്‍സണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. അവസാന ലാപ്പിലാണ് ഏഷ്യന്‍ ചാമ്പ്യനായ ജിന്‍സണ്‍ പിന്നോട്ടുപോയത്. ഹീറ്റ്‌സിലെ ആദ്യ ആറ് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക.

പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിംഗിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 20.43 മീറ്റര്‍ ദൂരത്തോടെ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യോഗ്യത ഗ്രൂപ്പില്‍ എട്ടാം സ്ഥാനത്ത് എത്താനേ തേജീന്ദര്‍പാലിന് കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തിലാണ് തേജീന്ദര്‍പാല്‍ 20. 43 മീറ്റര്‍ ദൂരം കണ്ടെത്തിയത്. രണ്ടാംശ്രമം ഫൗളായപ്പോള്‍ മൂന്നാം ഊഴത്തില്‍ 19.55 മീറ്റര്‍ ദൂരം കണ്ടെത്താനേ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞുള്ളൂ.

ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം കെ ടി ഇര്‍ഫാന്‍ ഇന്നിറങ്ങും. 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ മത്സരിക്കുന്നത്. ഇന്ത്യയുടെ ദേവീന്ദര്‍ സിംഗും ഇര്‍ഫാനൊപ്പം മത്സരത്തിനുണ്ട്. ആകെ 54 താരങ്ങളാണ് 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.