മോദി വിമര്‍ശനം; നടപടിക്ക് ആവശ്യപ്പെട്ട സുരേന്ദ്രന്റെ പേരിലും പൊങ്കാല

കേരളത്തിലുണ്ടായ മഹാപ്രളത്തിന്റെ ദുരിതാശ്വസ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നീതികാണിച്ചില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന നിന്ദ്യമായ സൈബറാക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറുവിരലനക്കാത്തത് എന്തുകൊണ്ടെന്നാണ്, കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിക്കുന്നത്. രണ്ടുദിവസമായി മോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് പ്രചാരണം നടക്കുന്നതെന്നും ഇത് ആസൂത്രിതമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. അതേസമയം നടപടിക്ക് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍നിന്ന്:

വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കും നവമാധ്യമങ്ങളില്‍ക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയില്‍ പ്രചാരണം നടത്തുന്ന സൈബര്‍ കമ്മികള്‍ക്കും ജിഹാദികള്‍ക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട്? കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്രമോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നത്. അറിയപ്പെടുന്ന പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്‌ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സര്‍ക്കാരും പൊലീസും ഇതിന് കുടപിടിക്കുകയാണ്. നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്‌കാരം അതിനനുവദിക്കാത്തതുകൊണ്ടാണ്.