ബൈക്കപകടത്തില്‍ കെ.എസ്.യു നേതാവ് നിയാസ് കൂരാപ്പള്ളി അന്തരിച്ചു

കൊച്ചി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ചിന് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് നിയാസ് കൂരാപ്പള്ളിക്ക് പരിക്കേറ്റത്.

നിയാസിനെ ആദ്യം കോലഞ്ചേരി ആസ്പത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടുമ്പന്നൂര്‍ കൂരാപ്പള്ളി ഇസ്മയിലിന്റെ മകനാണ് നിയാസ്. തൊടുപുഴയിലായിരുന്നു താമസം. പി.ടി തോമസിനു ശേഷം ഇടുക്കി ജില്ലയില്‍ കെ.എസ്.യുവിന് വിപ്ലവകരമായ മുന്നേറ്റം സമ്മാനിച്ച യുവ നേതാവാണ് നിയാസ്. യുവനേതാവിന്റെ മരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേഷ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവര്‍ അനുശോചനമറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളിയിലാണ് ഖബറടക്കം.

SHARE