എപ്പോഴും ഗുഡ് സര്‍വീസ്; തീരാനഷ്ടമായി ഗിരീഷും ബൈജുവും

സ്വന്തം ലേഖകന്‍
കൊച്ചി: ഒരു ജീവന് വേണ്ടി കെ.എസ്.ആര്‍.ടി.സി ബസ് തിരികെ ഓടിച്ച് കയ്യിലുള്ള പണം ആസ്പത്രിയില്‍ കെട്ടി വച്ച് വനിത ഡോക്ടറുടെ ജീവന്‍ രക്ഷിച്ച ഗിരീഷും ബൈജുവും ഇത്തവണ നിസഹായരായി. അവിനാശി അപകടത്തില്‍ 17 യാത്രക്കാരെ രക്ഷിക്കാനുള്ള സാവകാശം പോലും നല്‍കാതെ ഇരുവരെയും മരണം കവര്‍ന്നു. ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുമ്പേ ബസിനു നേരേ വന്ന് ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവരായിരുന്നു അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷും കണ്ടക്ടര്‍ ബൈജുവും. 2018ല്‍ എറണാകുളം-ബെംഗളൂരു യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദന കത്തയച്ചിരുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ എറണാകുളം ബംഗളൂരു വോള്‍വോ ബസ് തിരികെ ഓടിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. 2018 ജൂണ്‍ മൂന്നിനായിരുന്നു ആ മാതൃക സംഭവം.

യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ബസ് തിരികെയോടിച്ച സംഭവത്തില്‍ ഗിരീഷിനേയും ബൈജുവിനേയും അഭിനന്ദിച്ച് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം-ബെംഗളൂരു വോള്‍വോയില്‍ തൃശൂരില്‍ നിന്നുള്ള യാത്രക്കാരിയായിരുന്നു ഡോ.കവിത വാര്യര്‍. വഴിക്കു വച്ച് ഇവര്‍ക്ക് ഫിക്‌സ് ബാധയുണ്ടായി. ഏകദേശം പുലര്‍ച്ചെ ഒരു യാത്രക്കാരന്‍ ബൈജുവിന്റെ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടോ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിക്‌സ് ആണെന്ന് മറുപടി. താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു. ചേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവേണ്ടി വരും. ബാക്കി യാത്രക്കാരും ഒന്നായി പറഞ്ഞു, അതെ, അങ്ങനെ ചെയ്യാം. ബസ് അപ്പോള്‍ ഹൊസൂറിലെത്തിയിരുന്നു. ആസ്പത്രിയിലെത്തിക്കാന്‍ ഹൈവേയില്‍ നിന്ന് വണ്ടി പിന്നോക്കം ഓടേണ്ടിയിരുന്നു. ഇതോടെ ഗിരീഷും ബൈജുവും ചേര്‍ന്ന് വാഹനം ജനനി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ആസ്പത്രിയിലെത്തിച്ചപ്പോള്‍ അടുത്ത കടമ്പ. അഡ്മിഷന് മുന്‍കൂര്‍ പണം കെട്ടിവെയ്ക്കണമെന്നായി അധികൃതര്‍. ഇതോടെ തൃശൂര്‍ ഡിപ്പോയിലെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു ജീവന്റെ കാര്യമല്ലേ, ക്യാഷ് കെട്ടിവെയ്ക്ക് ബാക്കി പിന്നെ നോക്കാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പണം കെട്ടിവെച്ചപ്പോള്‍ അടുത്ത പ്രശ്‌നം. റിസ്‌ക് എടുക്കാനാകില്ലെന്നും ഒരാള്‍ ഒപ്പമുണ്ടെങ്കിലേ ചികിത്സയാരംഭിക്കൂവെന്നും ആസ്പത്രി അധികൃതര്‍. യാത്രക്കാര്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ താന്‍ നില്‍ക്കാമെന്ന് ബൈജു ഉടന്‍ കയറി പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ അനുവാദത്തിനായി വിളിച്ചപ്പോള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബംഗളൂരുവില്‍ എത്താനാകുമെങ്കില്‍ മറ്റേയാള്‍ ആസ്പത്രിയില്‍ നില്‍ക്കാന്‍ നിര്‍ദേശം. അങ്ങനെ ബൈജു ആസ്പത്രിയില്‍ നിന്നു. ഗീരിഷ് ബസ് ഓടിച്ച് ബംഗളൂരുവിലേക്കും പോയി. തുടര്‍ന്ന് രാവിലെ ഒമ്പത് മണിയായപ്പോഴേക്കും കവിതയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആസ്പത്രിയിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഡ്രോപ്പ് ചെയ്തു. അവിടുന്ന് ബൈജു ബസ് പാര്‍ക്ക് ചെയ്യുന്ന പീനിയയിലേക്ക് ട്രെയിന്‍ കയറി. മാതൃകാപരമായ ഇവരുടെ അവസരോചിത ഇടപെടലിന് അന്ന് കെഎസ്ആര്‍ടിസി ഇരുവരെയും ആദരിച്ചിരുന്നു. വിവിധ സംഘടനകളുടെ അംഗീകാരങ്ങളും ഏറ്റുവാങ്ങി.

വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ടി.ഡി. ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അര്‍പ്പിച്ച് 
ഡോ.കവിതാ വാര്യറും ഫെയ്‌സ് ബുക്കില്‍ ഓര്‍മ്മ പങ്കുവെച്ചു. അവര്‍ നമ്മളെ വിട്ടുപോയതില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. എന്റെ ജീവിതത്തില്‍ സഫലമായ പിതൃസ്ഥാനം സമ്മാനിച്ചതില്‍ ഞാന്‍ ദൈവത്തിനു കടപ്പെട്ടിരിക്കുന്നു. ആ ദിവസം എന്റെ ജീവന്‍ രക്ഷിച്ചത് അദ്ദേഹമാണ്. ബൈജ്, ഗിരീഷ് അങ്കിള്‍, നന്ദി. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’ കവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സിഎംഡിയുടെ അഭിനന്ദനക്കത്ത് എറണാകുളത്ത് വെച്ച് 2018-ല്‍ കൈമാറിയതിന്റെ ചിത്രം

ഒരിക്കല്‍ എറണാകുളത്ത് നിന്നും ബെംഗളൂരിലേക്കുള്ള ട്രിപ്പ് മുടങ്ങാതിരിക്കാന്‍ 24 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയ ബൈജു വീണ്ടും വാഹനമോടിക്കാന്‍ തയ്യാറായ സംഭവവുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ 23നാണ് സംഭവം. ഷെഡ്യൂള്‍ ചെയ്ത ബസ് ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് വിശ്രമമില്ലാതെ ബസ് ഓടിക്കാന്‍ ബൈജു തയ്യാറാവുകയായിരുന്നു. പെരുമ്പാവൂര്‍ പുല്ലുവഴി പുത്തൂരാന്‍ക്കവല വളവനായിത്ത് വീട്ടില്‍ ദാസന്റെ മകനാണ് മരിച്ച ഗിരീഷ് (43). ഭാര്യ സ്മിത. മകള്‍ ദേവിക. പിറവം ആരക്കുന്നം വെളിയനാട് വാളകത്തില്‍ വീട്ടില്‍ രാജന്റെ മകനാണ് വി.ആര്‍ ബൈജു (37).