ഇന്നലെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 59ലക്ഷം രൂപ

ലോക്ക് ഡൗണിന് ശേഷം സര്‍വീസ് നടത്തിയ ആദ്യ ദിവസം കെഎസ്ആര്‍ടിസിക്കുണ്ടായത് 59 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ 35 ലക്ഷം രൂപ മാത്രമാണ് കളക്ഷനായി ലഭിച്ചത്. 1319 ബസുകള്‍ സര്‍വീസ് നടത്തി. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടും നഷ്ടം നേരിട്ടുവെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

ലോക്ക്ഡൗണിനു മുന്‍പ് തന്നെ കെഎസ്ആര്‍ടിസി നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. ലോക്ക് ഡൗണില്‍ സര്‍വീസ് മുടങ്ങിയതോടെ നഷ്ടം ഇരട്ടിയായി. എന്നാല്‍ വീണ്ടും സര്‍വീസ് ആരംഭിച്ചപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായത്. ഇന്നലെ ആദ്യ ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭീമമായ നഷ്ടമുണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നിശ്ചയിച്ച 1800 സര്‍വീസുകള്‍ വെട്ടിക്കുറച്ച് 1319 സര്‍വീസുകളാക്കി ചുരുക്കിയത്. 59 ലക്ഷം രൂപയുടെ നഷ്ടം ഇന്നലെയുണ്ടായി. ആകെ ലഭിച്ച കളക്ഷന്‍ 35 ലക്ഷം രൂപ മാത്രമാണ്.

മൂന്നു സോണുകളിലുമായി 2,12,310 കിലോമീറ്ററാണ് ആകെ ഓടിയത്. ശമ്പളം, പെന്‍ഷന്‍, ഡീസല്‍ എന്നിവ പരിഗണിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ സര്‍വീസ് നടത്തണമെങ്കില്‍ ഒരു കിലോമീറ്ററിന് 45 രൂപ ലഭിക്കണം. എന്നാല്‍ ഇന്നലെ ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി തുക 16 രൂപ 78 പൈസ.

read also:സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജില്ലയ്ക്കുള്ളില്‍ സര്‍വീസ് ആരംഭിച്ചു

നഷ്ടം എത്രത്തോളമാണെന്ന് ഈ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. യാത്ര ചെയ്യാന്‍ ആളില്ലാത്തതും, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം ആളുകളെ കയറ്റി യാത്ര നടത്തുന്നതുമാണ് നഷ്ടത്തിന്റെ പ്രധാന കാരണം.

SHARE