ബില്ല് കണ്ട് ഷോക്കടിച്ചവരില്‍ ഉമ്മന്‍ചാണ്ടിയും; കെ.എസ്.ഇ.ബിയുടെ മറുപടി ഇങ്ങനെ..

തിരുവനന്തപുരം: ബില്ല് കണ്ട് ഷോക്കടിച്ചവരില്‍ ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറണ്ട് ബില്ലാണ്. സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ഇത്രയും തുകയുടെ ബില്ല് തോന്നിയതുപോലെ ഇട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മറുപടി.

മുമ്പത്തെ കറണ്ട് ചാര്‍ജ് അടക്കാത്തത് കൊണ്ടാണ് തുക ഇത്രയും വര്‍ദ്ധിച്ചതെന്നാണ് കെ.എസ്.ഇ. ബി പറയുന്നത്. പൂജപ്പുര സെക്ഷന് കീഴിലാണ് ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതി. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിലാണ് കണക്ഷന്‍. ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവര്‍ക്കും നല്‍കിയത് പോലെ ഉമ്മന്‍ചാണ്ടിക്കും ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് വൈദ്യുതി ബില്‍ നല്‍കിയത്. 8,195 രൂപയായിരുന്നു ആ സമയത്തെ ബില്‍തുക.

എന്നാല്‍ ഉമ്മന്‍ചാണ്ടി ഇത് അടച്ചിരുന്നില്ല. ലോക്ക്ഡൗണ്‍ ഇളവിനെതുടര്‍ന്ന് കെ.എസ്.ഇ.ബി റീഡിങ് പുനരാരംഭിച്ചു. ജൂണ്‍ ആറിന് യഥാര്‍ത്ഥ റീഡിങ് പ്രകാരമുളള പുതിയ ബില്ലും നല്‍കി. അടയ്ക്കാതിരുന്ന രണ്ട് മാസങ്ങളിലേത് അടക്കം ഉപയോഗം കണക്കാക്കി റീഡിങ് എടുത്തപ്പോള്‍ ഉപയോഗം വര്‍ദ്ധിച്ചതായാണ് കണ്ടത്.

നാലുമാസത്തെ ആകെ ഉപയോഗം 3,119 യൂണിറ്റാണ്. കരുതല്‍ നിക്ഷേപത്തിന് നല്‍കേണ്ട 879 രൂപ കുറച്ച് പുതിയ ബില്‍ നല്‍കി. അങ്ങനെയാണ് ഉമ്മന്‍ചാണ്ടിയുടെ ബില്‍ 27,176 രൂപയ ആയതെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.