തിരുവനന്തപുരം: കെഎസ്ഇബിയുടെ ബില്ലിംഗ് സമ്പ്രദായത്തിനെതിരെ സര്‍ക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നു. ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ബില്ലില്‍ അപാകത ഉണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ കെഎസ്ഇബി തയാറാകണം. ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പാസാക്കി.
അടച്ചിട്ട വീടുകളില്‍ പോലും വന്‍തുക ബില്ലായി ലഭിച്ചെന്ന പരാതികള്‍ ഉണ്ട്. ഇതു പരിശോധിക്കാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ബില്ലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ഇതില്‍ കഴമ്പുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഇതാണ് സിപിഐയുടെ ആവശ്യം.
അതിരപ്പിള്ളി വൈദ്യുതി പദ്ധതിക്കു പിന്നാലെ ഒരു വിഷയത്തില്‍ കൂടി സിപിഎമ്മിനു ഭിന്നമായ നിലപാടിലെത്തുകയാണ് സിപി ഐ. കെഎസ്ഇബിയുടെ ബില്ലിംഗ് സമ്പ്രദായത്തില്‍ തെറ്റില്ലെന്നും അമിത ഉപയോഗമാണ് ബില്‍ വര്‍ദ്ധിക്കാന്‍ കാരണം എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ പറഞ്ഞത് എന്നാല്‍ സിപിഐ ഈ നിലപാട് അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അമിത വൈദ്യുതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ്. സിപിഐ കൂടി ആ നിലപാടിലേക്ക് എത്തുന്നത് സര്‍ക്കാരിന് ക്ഷീണമാണ്.